Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാ പുരസ്കാരം കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും

‘ഗുരുവായൂർ :  ഗുരുവായൂർ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് സമ്മാനിക്കും. കൂടിയാട്ടത്തിൻ്റെ വളർച്ചയ്ക്കും പ്രോൽസാഹനത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം . 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ പത്തു ഗ്രാം സ്വർണ്ണ പതക്കവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം അഷ്ടമി രോഹിണി ദിവസമായ ആഗസ്റ്റ് 26ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ, ‘ ഡോ.എം.വി നാരായണൻ, .കലാമണ്ഡലം ശിവൻ നമ്പൂതിരി എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര നിർണയ സമിതിയാണ് പുരസ്കാര സ്വീകർത്താവിനെ തെരഞ്ഞെടുത്തത്. പുരസ്കാര നിർണയ സമിതിയുടെ ശുപാർശയ്ക്ക് ഇന്ന് ചേർന്ന ദേവസ്വം ഭരണ സമിതി അംഗീകാരം നൽകി.

Astrologer

കൂടിയാട്ടം കലാകാരനായും അദ്ധ്യാപകനായും ആറു പതിറ്റാണ്ടായി കലാമണ്ഡലം രാമച്ചാക്യാർ രംഗത്തുണ്ട്. തൃശൂർ പൈങ്കുളത്ത് കൊയപ്പ ചാക്യാർ മഠത്തിൽ 1950 ഡിസംബർ 13ന് ജനനം. കൂടിയാട്ടം കലാകാരൻ അമ്മന്നൂർ പരമേശ്വരച്ചാക്യാരും കൊയപ്പ കാവൂട്ടി ഇല്ലോടമ്മയുമാണ് മാതാപിതാക്കൾ. 1965 ൽ കലാമണ്ഡലത്തിലെ ആദ്യ കൂടിയാട്ടം ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. മാതുലൻ കൂടിയായ ആചാര്യൻ പൈങ്കുളം രാമച്ചാക്യാരുടെ കീഴിൽ പ0നം. 1976 ൽ കലാമണ്ഡലത്തിൽ കൂടിയാട്ടം അധ്യാപകനായി.

ദീർഘകാലം കേരള കലാമണ്ഡലത്തിൽ കൂടിയാട്ട വിഭാഗം വകുപ്പദ്ധ്യക്ഷനായിരുന്നു. വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുരുനാഥൻ പൈങ്കുളം രാമച്ചാക്യാരോടൊപ്പവും ഡോ.അമ്മന്നൂർ മാധവച്ചാ ക്യാരോടൊപ്പവും നിരവധി അരങ്ങുകളിൽ കൂടിയാട്ടം അവതരിപ്പിച്ചു.. ഒട്ടേറെ വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും കൂടിയാട്ടം അവതരിപ്പിച്ചു. കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാർഡുകൾ, കലാമണ്ഡലം അവാർഡ് ,കേരള സർക്കാരിൻ്റെ നൃത്തനാട്യ പുരസ്കാരം എന്നിവയ്ക്ക് അർഹനായി. 2022 മുതൽ കലാമണ്ഡലം കല്പിതസർവ്വകലാശാല കൂടിയാട്ടം വിഭാഗം ഡീൻ ആയി പ്രവർത്തിച്ചു വരുന്നു..

Vadasheri Footer