ഭക്തിയുടെ നിറവിൽ ഗുരുവായൂരിൽ ഇല്ലം നിറ
ഗുരുവായൂർ : പ്രകൃതിയുടെ സമൃദ്ധിയായ പൊന്‍ നെല്‍ക്കതിരുകള്‍ക്ക് മഹാവിഷ്ണുവിന്റെ സാമിപ്യമുള്ള ലക്ഷ്മീ നാരായണപൂജ നടത്തി ഭക്തിയുടെ നിറവില്‍ ശ്രീഗുരുവായൂരപ്പന്റെ ശ്രീലകത്ത് സമര്‍പ്പിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ചടങ്ങ് നടന്നു. രാവിലെ 6.18 നും, 7.45 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഇല്ലംനിറ ചടങ്ങ് നടന്നത്.
നിറയ്ക്കാവശ്യമായ രണ്ടായിരത്തോളം നെല്‍ക്കതിര്‍ക്കറ്റകള്‍ ഇന്നലെ സന്ധ്യയോടെതന്നെ പഴുന്നാന സ്വദേശി ആലാട്ട് വേലപ്പന്റെ കുടുംബാംഗങ്ങള്‍ കിഴക്കെനടയിലെ കല്യാണമണ്ഡപത്തിനുസമീപം എത്തിച്ചിരുന്നു. അടിയന്തിര പ്രവൃത്തിക്കാരായ പത്തുകാര്‍ വാര്യന്മാര്‍ രാവിലെ ക്ഷേത്രം ഗോപുരത്തിന് മുന്‍വശം ശുദ്ധമാക്കിയശേഷം അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ വെച്ചു. തുടര്‍ന്ന് മനയം, അഴീക്കല്‍ എന്നീ പാരമ്പര്യ അവകാശകുടുംബങ്ങളിലെ അംഗങ്ങളായ വിജയന്‍ നായര്‍, കൃഷ്ണകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ കതിര്‍ക്കറ്റകള്‍ തലചുമടായി കൊണ്ടുവന്ന് അരിമാവണിഞ്ഞ നാക്കിലയും, ദീപസ്തംഭവും മൂന്നുതവണ വലംവെച്ച ശേഷം സമര്‍പ്പിച്ചു.
തുടര്‍ന്ന് കീഴ്ശാന്തി വേങ്ങേരി നാരായണന്‍ നമ്പൂതിരി പൂജാമണി കിലുക്കി കതിര്‍ക്കറ്റകളില്‍ തീര്‍ത്ഥം തെളിച്ച് ശുദ്ധിവരുത്തി. ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി കേശവന്‍ നമ്പൂതിരി ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് ഉരുളി തലയിലേറ്റി നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. ഇദ്ദേഹത്തിനുപിന്നാലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാര്‍ ബാക്കി കതിര്‍ക്കറ്റകളുമായി പിന്നില്‍ നീങ്ങി. നിറവിളിയും, ശംഖുനാദവും, ചെണ്ടയുടെ വലംതല മേളവും കൊണ്ട് ശ്രീകൃഷ്ണ സന്നിധി ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂധനന്‍ നമ്പൂതിരി ലക്ഷ്മീനാരായണപൂജ നടത്തി. പൂജകള്‍ക്ക് ശേഷം ചൈതന്യവത്തായ കതിരുകളില്‍ ഒരു പിടി പട്ടില്‍ പൊതിഞ്ഞ് മേല്‍ശാന്തി ശ്രീഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു.
പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് വിതരണം ചെയ്തു. നിറകതിര്‍ വാങ്ങാന്‍ അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ അനുഭവപ്പെട്ടത്. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, കെ.പി. വിശ്വനാഥന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിയ്ക്കല്‍, ക്ഷേത്രം മാനേജര്‍മാരായ എ.വി. പ്രശാന്ത് കെ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ നിറചടങ്ങിന് നേതൃത്വം നല്‍കി. കൊയ്‌തെടുത്ത പുതിയ നെല്‍ക്കതിരില്‍ നിന്നുള്ള അരികൊണ്ട് പുത്തരിപായസമുണ്ടാക്കി ശ്രീഗുരുവായൂരപ്പന് നിവേദിക്കുന്ന തൃപ്പുത്തരി ചടങ്ങ് ആഗസ്റ്റ് 28 ന് രാവിലെ 9.34 നും, 11.40 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.