രാജ്യത്ത് മതേതര സിവില്‍ കോഡ് വേണം :പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് മതേതര സിവില്‍ കോഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതാധിഷ്ഠിത സിവില്‍കോഡ് അല്ല, മതേതര സിവില്‍ കോഡാണ് കാലത്തിന്റെ ആവശ്യം. വിവേചനം അവസാനിപ്പിക്കാന്‍ മതേതര സിവില്‍കോഡ് അനിവാര്യമാണ്. രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ലെന്നും നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് സുപ്രീം കോടതി ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തി, ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം നിലവിലെ സിവില്‍ കോഡ് സാമുദായിക സിവില്‍ കോഡാണെന്നും വിവേചനപരമായ സിവില്‍ കോഡാണെന്നും കരുതുന്നു. ഭരണഘടന നമ്മോട് പറയുന്നത്, ഭരണഘടനാ ശ്ല്പികളുടെ സ്വപ്‌നമായിരുന്നു അതെന്നാണ്. അതുകൊണ്ടുതന്നെ അത് നിറവേറ്റേണ്ടത് നമ്മുടെ കടമയാണ്. പ്രധാനമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് വ്യാപക ചര്‍ച്ചകളുണ്ടാകണം. എല്ലാവരും അവരുടെ അഭിപ്രായങ്ങളുമായി മുന്നോട്ട് വരണം. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങള്‍ ഇല്ലാതാക്കണം, അത്തരക്കാര്‍ക്ക് ആധുനിക സമൂഹത്തില്‍ ഒരു സ്ഥാനമില്ല. കാലം ഒരു മതേതര സിവില്‍ കോഡാണ് ആവശ്യപ്പെടുന്നത്. അപ്പോള്‍ മാത്രമാണ് നമ്മള്‍ മതപരമായ വിവേചനത്തില്‍ നിന്നും മുക്തരാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശ രംഗത്ത് സർക്കാർ വലിയ മുന്നേറ്റം നടത്തി.ബഹിരാകാശ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ കൂടുതൽ വരുന്നു.ഇന്ത്യയുടെ വളർച്ച ബഹിരാകാശ നേട്ടങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ്.പുതിയ ക്രിമിനൽ നിയമങ്ങൾ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തി.ചെറിയ കാര്യങ്ങൾക്ക് ജയിലിൽ ഇടുന്ന നിയമങ്ങൾ ഇല്ലാതാക്കി. സേവനത്തിന് അവസരം നൽകിയ ജനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു’. പ്രധാനമന്ത്രി പറഞ്ഞു