ഫ്ളൈറ്റ് റദ്ദ് ചെയ്തു, ടിക്കറ്റ് ചാർജും,10,000 രൂപയും നൽകുവാൻ വിധി.
തൃശൂർ : കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനെത്തുടർന്ന്, ടിക്കറ്റ് ചാർജ് മടക്കി നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.
തൃശൂർ കാഞ്ഞാണി വലിയപറമ്പിൽ വീട്ടിൽ വി.വി.രാധാകൃഷ്ണനും ഭാര്യ ഭാരതി രാധാകൃഷ്ണനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിൽ പ്രവർത്തിച്ചുവരുന്ന ഒമാൻ എയർവേയ്സിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്
ഹർജിക്കാർ കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള ടിക്കറ്റുകളാണ് എടുത്തിരുന്നതു്. കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്ക് യാത്ര ചെയ്തുവെങ്കിലും, അവിടെ നിന്ന് തിരിച്ചുള്ള യാത്ര കൊറോണയുടെ പശ്ചാത്തലത്തിൽ ഫ്ളൈറ്റ് റദ്ദ് ചെയ്തതിനാൽ സാധ്യമായില്ല.എന്നാൽ ഫ്ളൈറ്റ് ചാർജ് ഒമാൻ എയർവേയ്സ് തിരിച്ചുനൽകുകയുണ്ടായില്ല.
തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടവും വിഷമതകളും കണക്കിലെടുത്ത് ടിക്കറ്റ് ചാർജ് 13,114 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും, ചിലവിലേക്ക് 5,000 രൂപയും, ഹർജിതിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.