ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി സ്ഥലമെടുപ്പ്, ഹൈ ക്കോടതിയുടെ നിരീക്ഷണം വേണം
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനം എടുത്തതിനെ ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതി യോഗം സ്വാഗതം ചെയ്തു..
ക്ഷേത്രത്തിന് ചുറ്റുമുള്ള ഇനിയുള്ള നിർമ്മാണ പദ്ധതിക്ക് പ്രഥമമായി സുരക്ഷയും അനുബന്ധമായി വികസനവും മുൻനിർത്തിയുള്ള സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ സ്ഥലമെടുപ്പിന് മുൻപ് തന്നെ ദേവസ്വം തയ്യാറാക്കണം. മാസ്റ്റർപ്ലാനിൽ ഉൾപ്പെടേണ്ട കാര്യങ്ങൾ സംബന്ധിച്ച ആശയങ്ങളും നിർദ്ദേശങ്ങളും ഹിന്ദു ഭക്തജന സംഘടനകളിൽ നിന്നും സ്വീകരിച്ചും, വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലും ആയിരിക്കണം മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടത്. ആയിരം കോടിയുടെ ദേവസ്വം ധനം ചിലവ് കണക്കാക്കുന്ന ഏറ്റെടുക്കൽ നടപടികൾ ഭാവിയിൽ ക്ഷേത്രത്തിൻ്റെ നിത്യ ചിലവുകളെ പ്രതിസന്ധിയിൽ ആക്കുമോ എന്ന പരിശോധന കർശനമായും നടത്തണം .
കക്ഷിരാഷ്ട്രീയത്തിനനുസരിച്ചു ഭരണാധികാരത്തിൽ വന്ന കമ്മിറ്റികൾ പല പദ്ധതികളും മുൻനിർത്തി ഗുരുവായൂരപ്പന്റെ പണം ചിലവഴിച്ച് നിരവധി ഭൂമി ഏറ്റെടുക്കുകയും അവ ഇക്കാലവും വെറുതെ ഇടുകയും പദ്ധതികൾ മാറ്റിമറിക്കുകയും പുതിയവ നടപ്പിൽ വരുത്തുകയും ചെയ്ത് നാളിതുവരെയായി ദേവസ്വത്തിന് ഭീമമായ പാഴ്ചെലവും ദുർവ്യയവും ഉണ്ടാക്കുകയും ,അത് വഴി ദേവസ്വം സ്വത്ത് വഹകൾ പലപ്പോഴായി അന്യാധീനപ്പെട്ടു പോവുകയും ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് ഇത്രയും വലിയ തുക (ആയിരം കോടി )ചിലവഴിച്ച് നടത്തുന്ന ഭൂമി ഏറ്റെടുക്കൽ നടപടികൾ സുതാര്യവും, അഴിമതി മുക്തവും ആയിരിക്കണം കേരള ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടാവണമെന്ന് കൂടി രക്ഷാ സമിതി യോഗം ഈ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു .
ഇത് സംബന്ധിച്ചുള്ള ഗുരുവായൂർ ക്ഷേത്ര രക്ഷാസമിതിയുടെ നിർദേശങ്ങൾ ദേവസ്വം മന്ത്രിക്കും , അനുബന്ധ ഉദ്യോഗസ്ഥർക്കും വരും ദിവസങ്ങളിൽ നൽകുമെന്നും ക്ഷേത്ര രക്ഷ സമിതി പ്രസിഡന്റ് അഡ്വ എ വി.വിനോദ് സെക്രട്ടറി ബിജേഷ് മാരാത്ത് എന്നിവർ പ്രസ്താവന യിൽ അറിയിച്ചു.