സംസ്കൃതി പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു
പാലക്കാട് : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സംസ്കൃതി പുരസ്കാരം സമ്മാനിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി പാലക്കാട് മെഴ്സി കോളേജിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ബെന്നി വക്കീലിന് പുരസ്കാരം സമ്മാനിച്ച്ത്.
ഉപഭോക്തൃ മേഖലയിൽ വ്യതിരിക്തമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന ബെന്നിവക്കീൽ സാമൂഹ്യപ്രസക്തമായ ഒട്ടേറെ കേസുകളിൽ ഹാജരായി വിധി നേടിയിട്ടുണ്ട്. ഉപഭോക്തൃവിദ്യാഭ്യാസം നൽകുന്നതിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചുവരുന്നു.സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടു വരുന്നു. തൃശൂർ സാംസ്കാരിക അക്കാദമി പ്രസിഡണ്ട് കൂടിയായ ബെന്നിവക്കീൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി തൊള്ളായിരത്തിലധികം വീഡിയോ പ്രഭാഷണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫാദർ ഡേവിസ് ചിറമൽ നയിക്കുന്ന കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്. ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെന്നിവക്കീലിൻ്റെ പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്രഗ്രന്ഥം പന്ത്രണ്ടാം പതിപ്പിലെത്തിയിരിക്കുന്നു. യോഗത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോൾ.കെ.അദ്ധ്യക്ഷത വഹിച്ചു.പാലക്കാട് മെഴ്സി കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ജോറി.ടി.എഫ്., കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ്, പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.