പാലയൂര്‍ തീര്‍ഥാടനം 17-ന്, ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച മുതല്‍
ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇരുപത്തിയേഴാം പാലയൂര്‍ തീര്‍ഥാടനം 17-ന് നടത്തുമെന്ന് പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. 17-ന് പുലര്‍ച്ചെ മുതല്‍ അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ പദയാത്രയായി പാലയൂരിലെത്തും. മുപ്പതിനായിരം പേര്‍ക്കുള്ള നേര്‍ച്ചഭക്ഷണം തീര്‍ഥകേന്ദ്രത്തില്‍ ഒരുക്കും. അന്നേ ദിവസം തീര്‍ഥകേന്ദ്രത്തില്‍ തുടര്‍ച്ചയായി കുര്‍ബ്ബാനയുണ്ടായിരിക്കും. തീര്‍ഥാടനത്തിലെ മുഖ്യപദയാത്ര തൃശ്ശൂര്‍ അതിരൂപത ലൂര്‍ദ്ദ് കത്തീഡ്രലില്‍ നിന്ന് പുലര്‍ച്ചെ അഞ്ചിന് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പേപ്പല്‍ പതാക കൈമാറുന്നതോടെ ആരംഭിക്കും.
അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉപപദയാത്രകളും പാലയൂരിലേക്ക് പുറപ്പെടും. ഉച്ചതിരിഞ്ഞ് രണ്ടിന് പാവറട്ടി സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ശേഷം മൂന്നുമണിയോടെ അതിരൂപതയിലെ യുവജനങ്ങളും വിശ്വാസികളും സന്യസ്തരും അടങ്ങുന്ന ആയിരങ്ങള്‍ അണിനിരക്കുന്ന മുഖ്യ പദയാത്ര പാലയൂരിലെത്തും. നാലിന് പള്ളി അങ്കണത്തില്‍ ചേരുന്ന പൊതുസമ്മേളനം മദ്രാസ് – മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് അന്തോണി സ്വാമി ഉദ്ഘാടനം ചെയ്യും. സി.ബി.സി.ഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാവും. തുടര്‍ന്ന് വിശ്വാസ പ്രതിജ്ഞ ഏറ്റുചൊല്ലലും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടാവും.
തീര്‍ഥാടനത്തോടനുബന്ധിച്ച് ഞായറാഴ്ച മുതല്‍ 14 വരെ പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തും. 5000 പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും പന്തലും കണ്‍വെന്‍ഷനായി സജ്ജീകരിച്ചിട്ടുണ്ട്. ജെറുസലേം ധ്യാനകേന്ദ്രം റെക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് (സി.എം.ഐ.)ധ്യാനത്തിന് നേതൃത്വം നല്‍കും. സി.എം.ഐ. വൈദികരായ ഫാ.ജോ പാച്ചേരിയില്‍, ഫാ.സിജോ തയ്യാലക്കല്‍, ഫാദര്‍ ദേവസ്യ കാനാട്ട് എന്നിവരാണ് ധ്യാനം നയിക്കുന്നത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് ജപമാല, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന എന്നീ ക്രമത്തിലാണ് പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് 6.30 ന് അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബൈബിള്‍ പ്രദക്ഷിണം ഉണ്ടാവും. പറപ്പൂര്‍, കണ്ട്ശ്ശങ്കടവ്, മറ്റം, പാലയൂര്‍ ഫൊറോനകളില്‍ നിന്നും ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് തിരിച്ച് പോകാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസിസ്റ്റന്റ് വികാരി ഫാ. ഡെറിന്‍ അരിമ്പൂര്‍, തീര്‍ഥ കേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, മറ്റ് ഭാരവാഹികളായ പി.ഐ. ലാസര്‍, ടി.ജെ. ഷാജു, തോമസ് ചിറമ്മല്‍, സി.എം. ബാബു, എ.എല്‍. കുരിയാക്കോസ്, ജെഫിന്‍ ജോണി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.