പോക്സോ കേസിലെ പ്രതിക്ക് 90വർഷം കഠിന തടവ്.
ചാവക്കാട് : പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത പ്രതിക്ക് 90വർഷം കഠിന തടവും 3 വർഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതാ നായിരം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു . ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ ഷംസുദീൻ മകൻ സിയാദ്(38) നെയാണ് ചാവക്കാട് പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം 32 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം
ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത് . പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.2017 ഡിസംബർ മാസം വെക്കേഷനിലും അതിന് മുൻപ് ഒരു ദിവസവും പ്രതി ബാലികയെ ബലാൽസംഘം ചെയ്തും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ തെളിവായി നൽകുകയും ചെയ്തു.
ചാവക്കാട് പോലീസ് ഇൻസ്പെക്ടറായിരുന്ന കെ ജി സുരേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും അന്നത്തെ ഗുരുവായൂർ അസി. പോലീസ് കമ്മീഷണറായിരുന്ന പി എ ശിവദാസൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത് അഡ്വ.നിഷ സി എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സി പി ഒ മാരായ സിന്ധു, പ്രസീദ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു