ദേശാഭിമാനിക്കെതിരെ മറിയകുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു.
ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയകുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നിവരുൾപ്പെടെ 10 പേരെ എതിർകക്ഷിയാക്കിയാണ് അടിമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് നവംബർ എട്ടിനാണ് 87കാരിയായ മറിയക്കുട്ടി അടിമാലി ടൗണില്‍ ഭിക്ഷയെടുത്ത് സമരം ചെയ്തത്.
സി.പി.എം മുഖപത്രത്തിൽ മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്ന തരത്തിൽ വാർത്ത വന്നിരുന്നു. പിന്നാലെ 1.5 ഏക്കർ സ്ഥലം മറിയക്കുട്ടിക്കുണ്ടെന്നും രണ്ട് വാർക്കവീടുകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നും മകള്‍ വിദേശത്താണെന്നുമടക്കമുള്ള വാർത്തകൾ സൈബർ ഇടങ്ങളിലും പ്രചരിച്ചു. ഒടുവിൽ മറിയക്കുട്ടി തന്നെ ഇറങ്ങി തനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങളുടെ മുനയൊടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദേശാഭിമാനി വാർത്തയിൽ തിരുത്ത് നൽകി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണെന്നും ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും ദേശാഭിമാനി തിരുത്തി.
എന്നാൽ തിരുത്തിയതിൽ കാര്യമില്ലെന്നും മാനനഷ്ടക്കേസ് നൽകുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചിരുന്നു. ഒരു മാസത്തെ പെൻഷൻ തുക മാത്രമാണ് ലഭിച്ചത്. മുഴുവൻ പെൻഷൻ തുകയും ലഭിക്കണമെന്ന് മറിയക്കുട്ടി പറഞ്ഞു. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവർക്കെല്ലാവർക്കും വേണ്ടിയാണ് താൻ പ്രതിഷേധിച്ചത്. എല്ലാവർക്കും പെൻഷൻ ലഭിക്കണം -മറിയക്കുട്ടി പറഞ്ഞു