വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടും: മാത്യു കുഴല്‍നാടന്‍
തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് അദേഹം പറഞ്ഞു. പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ പറയുന്ന 1.72 കോടി രൂപയേക്കാൾ വലിയ തുകയാണ് വീണ ഇതിനോടകം കൈപ്പറ്റിയതെന്നും കുഴൽനാടൻ പറഞ്ഞു. ഇപ്പോൾ സമൂഹത്തിന് മുന്നിൽ എത്തിയിരിക്കുന്നത് ഒരു കമ്പനിയിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ്. എന്നാൽ ഇതിനേക്കാൾ എത്രയോ വലിയ തുകകളാണ് ഇതിനോടകം കൈപ്പറ്റിയതെന്നും കുഴൽനാടൻ ആരോപിച്ചു.
ഇവിടെ വീണ നികുതി അടച്ചോ എന്നുള്ളതല്ല വിഷയം എന്നും കരിമണൽ കമ്പനിയിൽ നിന്നും അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തുമെന്നും പറഞ്ഞു. കേരളത്തിലെ ആളുകളുടെ ഇതുവരെ ഉണ്ടായിരുന്ന ധാരണ മുഖ്യമന്ത്രിയുടെ മകള്‍ കഠിനാധ്വാനം ചെയ്ത് ഒരു കമ്പനിയുണ്ടാക്കി അതില്‍ നിന്നാണ് പണം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ കമ്പനി 73 ലക്ഷം രൂപ നഷ്ടത്തിലാണ് അവസാനിച്ചത്. ഏത് ക്രൈം ചെയ്താലും തെളിവിനുള്ള ഒരു നൂല് ബാക്കിയുണ്ടാകും. 2013-14 മുതല്‍ 2019-20 വരെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലിന്റെ കണക്കുകളില്‍ ഉണ്ടായിരുന്ന തെറ്റായ കാര്യങ്ങളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധിക്കുകയും അതിന്റെ ഭാഗമായി റെയ്ഡ് നടത്തുകയും ചെയ്തു. അതില്‍ നിന്ന് ഉള്‍തിരിഞ്ഞ് വന്ന കാര്യങ്ങളാണ് നമ്മുടെ മുന്നിലെത്തിയത്.
ഒരു കമ്പനിയുടെ കണക്കിലുണ്ടായ ക്രമക്കേടിന്റെ പേരില്‍ മാത്രം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 1.72 കോടി രൂപയുടെ കൈമാറ്റം നടന്നിരിക്കുന്നത്. ഇതിലും എത്രയോ കൂടുതല്‍ പണമാണ് വീണ കൈപ്പറ്റിയിട്ടുള്ളത്. ഒരു കമ്പനിയില്‍ നിന്ന് ഇത്രയും കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ എത്ര കമ്പനികളില്‍ ഇതുപോലെ കൈപ്പറ്റിയിട്ടുണ്ടാകും. ധാര്‍മികത ഒന്ന് കൊണ്ട് മാത്രമാണ് വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നും കുഴല്‍നാടന്‍ പറഞ്ഞു. എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്?
കള്ളപ്പണം കടലാസ് കമ്പനികൾ വഴി വെളുപ്പിക്കുകയാണെന്നും. തങ്ങളുടെ മുഖ്യസേവനം വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ ആണെന്നാണ് എക്സാലോജിക് അവകാശപ്പെടുന്നത്. കരിമണൽ കമ്പനിക്ക് അങ്ങനെയെങ്കിൽ, എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തെല്ലാം സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം. വീണയും കമ്പനിയും എന്തുകൊണ്ടാണ് ജിഎസ്ടി അക്കൗണ്ടുകൾ ക്ലോസ് ചെയ്തത്?’ – കുഴൽനാടൻ ചോദിച്ചു.