എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം,ഡി ജി പിക്ക് പരാതി
തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരാ. പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന് വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ ഇന്ന് ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ കേസെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്, എം.വി.ഗോവിന്ദന്റെ പ്രസ്താവന കലാപം ലക്ഷ്യമിട്ടാണെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ലക്ഷ്യമിട്ട് ബോധപൂർവ്വമാണ് പരാമർശം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു.
അതേസമയം മനസാ വാചാ അറിയാത്ത കാര്യമാണെന്നും തനിക്ക് പോക്‌സോ കേസുമായി ബന്ധമില്ലെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ആരോപണത്തിന് പിന്നിൽ സി പി എം ആണെന്നും കെ സുധാകരൻ പറഞ്ഞു. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നൽകാത്ത മൊഴി സി പി എമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സി പി എമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു. ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്നും എം വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു