മമ്മിയൂർ എൽ എഫ് സ്‌കൂളിലെ വിദ്യാർത്ഥികളായ സഹോദരിമാരെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂര്‍ : മമ്മിയൂർ എൽ എഫ് കോൺവെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ സഹോദരിമാരെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി ഇവരുടെ പിതാവിനെ വിഷം അകത്തു ചെന്നും കൈ ഞരമ്പ് മുറിച്ചും ഗുരുതരാവസ്ഥയിൽ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഗുരുവായൂരിൽ വാടകക്ക് താമസിക്കുന്ന വയനാട് കാട്ടികൊല്ലി മുഴങ്ങില്‍ വീട്ടില്‍ ചന്ദ്രശേഖര(58)ന്റെ മക്കളായ ശിവനന്ദ (12), ദേവനന്ദ (9) എന്നിവരെ മരിച്ച നിലയിലും, ചന്ദ്ര ശേഖരനെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് മൂവരും പടിഞ്ഞാറേ നടയിലെ നമസ്കാർ എന്ന സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത് . ഉച്ചക്ക് രണ്ടു മണിക്ക് ശേഷം മുറി ഒഴിയാതെ വന്നതോടെ മൂന്നു മണിയോടെ ടെമ്പിൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു . ഉടന്‍ പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍, ഇളയകുട്ടി ദേവനന്ദ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലും, മൂത്ത കുട്ടി ശിവനന്ദ കട്ടിലില്‍ കിടക്കുന്ന അവസ്ഥയിലുമാണ്. മൂവ്വരേയും ഉടന്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, കുട്ടികള്‍ രണ്ടുപേരും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
വിഷം ഉള്ളില്‍ചെന്നും, കൈഞെരമ്പ് മുറിച്ചും അബോധാവസ്ഥയിലായ ചന്ദ്രശേഖരനെ വിദഗ്ദ ചികിത്സയ്ക്കായി തൃശ്ശൂരിലെ അമല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മക്കളില്ലാത്തതിന്റെ പേരില്‍ ആദ്യ വിവാഹം വേര്‍പിരിഞ്ഞ ചന്ദ്രശേഖരന്‍ ഡ്രൈവർ ആയി ജോലി നോക്കിയിരുന്നു. ഇതിനിടയിലാണ് ചാവക്കാട് തൊട്ടാപ്പ് സ്വദേശിനിയായ അജിതയുമായി സൗഹൃദത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്തത് . ഇരുവീട്ടുകാരുടേയും കാര്യമായ സഹകരണമില്ലാതേയുള്ള വിവാഹമായിരുന്നു, . കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗുരുവായൂരും, പരിസരത്തും മാറിമാറി വാടകയ്ക്ക് താമസിക്കുകയായിരുന്നുചന്ദ്രശേഖരനും അജിതയും .
ഇതിനിടെ കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്ക് മുമ്പ് ഭാര്യ അജിത ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഇളയ കുട്ടിക്ക് ശ്വാസകോശ സംബന്ധ രോഗവും അലട്ടിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ മുന്‍കൂട്ടി തീരുമാനെമെടുത്താണ് മുറിയെടുത്തതെന്നതാണ് പോലീസിന്റെ നിഗമനം. ചന്ദ്രശേഖരന്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ സ്ഥിരീകരണം. ആത്മഹത്യയ്ക്കുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ടെമ്പിള്‍ പോലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ശിവനന്ദ. ദേവനന്ദ അതേ സ്‌ക്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്