വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ.
തൃശൂർ: വാനിൽ വർണം വിരിയിച്ച് സാമ്പിൾ , മനം നിറഞ്ഞ് കാണികൾ . പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിൽ പൂരനഗരി വിറച്ചപ്പോൾ കാണാനെത്തിയവർ ആഹ്ലാദാരവം മുഴക്കി. പൂരനഗരിയിൽ മഴ മേഘങ്ങൾ ഉരുണ്ടുകൂടിയത് ആശങ്കയിലാഴ്ത്തിയെങ്കിലും വെടിക്കെട്ടിനെ ബാധിച്ചില്ല. 7.25ന് ആദ്യം തിരുവമ്പാടി വിഭാഗവും പിന്നീട് പാറമേക്കാവ് വിഭാഗവും കരിമരുന്നിന്റെ തേരോട്ടത്തിന് തിരികൊളുത്തി. അമിട്ടിന്റെ വർണശോഭ വിടർത്തിയായിരുന്നു തുടക്കം. പിന്നെ കുഴി മിന്നലും ഓലപ്പടക്കവും ചേർന്നുള്ള കൂട്ടപ്പൊരിച്ചിൽ.
തുടർന്ന് അമിട്ടുകൾ കൊണ്ടുള്ള വിസ്മയമായിരുന്നു. കെ-റെയിലും വന്ദേഭാരതുമെല്ലാം സാമ്പിളിൽ ഇടം പിടിച്ചപ്പോൾ പുരുഷാരം ആർപ്പ് വിളിച്ചും കൈയടിച്ചും ആവേശത്തിലായി. ; മുണ്ടത്തിക്കോട് സതീഷിന്റെ നേതൃത്വത്തിലായിരുന്നു തിരുവമ്പാടിയുടെ ആകാശപ്പൂരം. വരന്തരപ്പിള്ളി സ്വദേശി വർഗീസായിരുന്നു പാറമേക്കാവിന്റെ കരിമരുന്ന് വിസ്മയത്തിന് നേതൃത്വം നൽകിയത്. ഭംഗിക്ക് പ്രാധാന്യം നൽകിയായിരുന്നു തിരുവമ്പാടി വിസ്മയമൊരുക്കിയതെങ്കിൽ പാറമേക്കാവ് ശബ്ദത്തിനും പ്രാധാന്യം നൽകി. മൂന്ന് മിനിറ്റെടുത്ത് തിരുവമ്പാടിയും നാല് മിനിറ്റെടുത്ത് പാറമേക്കാവും ‘സാമ്പിൾ’ തകർത്തു.”,
വെടിക്കെട്ട് കലാകാരന്മാർ പല പ്രത്യേകതകളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. സിൽവർഫിഷ്, റെഡ് റേഞ്ച് എന്നിവയാണ് പാറമേക്കാവിന്റെ പ്രത്യേക ഇനങ്ങൾ. റെഡ് ലീഫ്, ഫ്ളാഷ് ഫ്ളാഷ്, തുടങ്ങിയവയാണ് തിരുവമ്പാടിയുടേത്.ചുവന്ന ഇലകൾ പൊഴിയുംമട്ടിലുള്ളതാണ് റെഡ് ലീഫ്. കൂടാതെ തീവണ്ടിയുടെ മാതൃകയിലുള്ളതുമുണ്ട്.നിറങ്ങളുടെ കാര്യത്തിലും ഇരു വിഭാഗവും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. തിരുവമ്പാടിക്കുവേണ്ടി വെള്ളിക്കുളങ്ങര സ്വദേശി പി.സി. വർഗീസ് രണ്ടാം തവണയാണ് വെടിക്കെട്ടൊരുക്കുന്നത്. 20 വർഷമായി ഈ രംഗത്തുള്ള സ്റ്റിബിൻ സ്റ്റീഫനും കൂടെയുണ്ട്. പാറമേക്കാവിനുവേണ്ടി വെടിക്കെട്ട് തയ്യാറാക്കുന്ന മുണ്ടത്തിക്കോട് സതീഷ് 20 വർഷത്തോളമായി തൃശ്ശൂർ പൂരത്തിലുണ്ട്.
വെള്ളിയാഴ്ച രാവിലെ തിരുവമ്പാടിയുടെ ചമയപ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവ് അഗ്രശാലയിൽ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനവും നടന്നു. സാമ്പിൾ വെടിക്കെട്ടിന്റെ ഭാഗമായി വെള്ളിയാഴ്ച മൂന്നു മുതൽ റൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിച്ചിരുന്നില്ല. ശനിയാഴ്ച പൂരത്തിനായി വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നിടുന്ന പൂരവിളംബരം നടക്കും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയെത്തുന്ന എറണാകുളം ശിവകുമാറാണ് ഗോപുരനട തുറക്കുക. തിങ്കളാഴ്ച പന്ത്രണ്ടരയോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെ പൂരം പൂർണമാകും