മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം , കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതരുടെ വീഴ്ച
തൃശൂർ : ഗവ മെഡിക്കൽ കോളേജിൽ യുവതിക്കു നേരെയുണ്ടായ ലൈംഗീകാതിക്രമത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ആക്ഷേപം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്കാ മാറ്റുമ്പോൾ കൂടെ വിടേണ്ടത് ആശുപത്രിയിലെ സ്ഥിരം ജീവനക്കാരെയും സ്റ്റാഫ് തസ്തികയിലുള്ള നഴ്സിനെയുമാണ്. ഇയാളെ കയറ്റിയത് എന്തിനാണെന്നാണ് സംശയം.
ആശുപത്രിയിലെ താത്കാലിക ഇലക്രട്രിക്കൽ ജീവനക്കാരനായ ദയാലാലാണ് ലൈംഗികാതിക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അത്യാസന്ന നിലയിലെത്തിച്ച കൈപ്പമംഗലം സ്വദേശിനിക്ക് നേരെയാണ് വിദഗ്ദ ചികിത്സക്കായി പ്രവേശിപ്പിച്ച മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായത്.
വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ കൂടെ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. അനാഥയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇത് മനസ്സിലാക്കി ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായ ദയാലാൽ യുവതിക്കൊപ്പം ആംബുലൻസിൽ കയറുകയും അർധ അബോധാവസ്ഥയിലായ യുവതിയെ മെഡിക്കൽ കോളജിലെത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധു എന്ന നിലയിലാണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയത്.
ബോധം തിരികെ വന്ന പെൺകുട്ടി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്‌സിനോടും പീഡനം നടന്ന വിവരം പറയുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഉടൻ ദയാലാൽ ആശുപത്രിയിൽ നിന്ന് മുങ്ങി. എന്നാൽ കൊടുങ്ങല്ലൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മെഡിക്കൽ കോളജ് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.