വഴിയിടം” ടേക്ക് എ ബ്രേക്ക്” വിശ്രമകേന്ദ്രം ഉൽഘാടനം 26-ന്
ചാവക്കാട് : നഗരസഭാ ഭരണസമിതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയായ ”വഴിയിടം” ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം 26-ന് രാവിലെ 10.30-ന് സ്പീക്കർ എ.എന്‍. ഷംസീര്‍ ഉൽഘാടനം ചെയ്യുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
ബസ് സ്റ്റാന്‍ഡ് പരിസരത്തെ കൂട്ടുങ്ങല്‍ ചത്വരം പരിസരത്ത് 146 ചതുരശ്ര മീറ്ററില്‍ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരു നിലകളിലുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ലഘുഭക്ഷണം, ശൗചാലയസൗകര്യം, മുലയൂട്ടല്‍ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം വിശ്രമകേന്ദ്രത്തില്‍ ലഭ്യമാവും. നഗരസഭാ ട്രഞ്ചിങ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കുന്നതിന്റെ ആദ്യഘട്ടമായി മാലിന്യങ്ങള്‍ ബയോ മൈനിങ് നടത്തും.
46 ലക്ഷം അടങ്കല്‍ തുകയുള്ള പദ്ധതി 31-ന് ആരംഭിക്കും. നഗസഭയിലെ അജൈവമാലിന്യ സംസ്‌ക്കരണത്തിന് കരുത്തേകാന്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്്റ്റം രൂപവത്ക്കരിച്ചു. ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാവും. ട്രഞ്ചിങ് ഗ്രൗണ്ടിലെ എം.ആര്‍.എഫ് വിപുലീകരണം 65 ലക്ഷം രൂപ അടങ്കലില്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. 1.15 കോടി രൂപ ചെലവില്‍ വിന്‍ഡ്രോ കംപോസ്റ്റ് യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.
പാലയൂരിലും പുത്തന്‍കടപ്പുറത്തും രണ്ട് ഹെല്‍ത്ത് വെല്‍നസ് സെ ന്ററുകള്‍ ഉടന്‍ തുടങ്ങും. 23 ലക്ഷം രൂപ ചെലവില്‍ നഗരസഭയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന ജി.ഐ.എസ്.(ജിയോ ഇന്‍ഫര്‍മാറ്റിക് സിസ്റ്റം ) മാപ്പിങ് പദ്ധതി ജനുവരി ആദ്യവാരത്തില്‍ നാടിന് സമര്‍പ്പിക്കും. പച്ചക്കറി മാര്‍ക്കറ്റില്‍ 6000 ചതുരശ്ര അടിയില്‍ 65 ലക്ഷം ചെലവില്‍ നിര്‍മിച്ച കെട്ടിടവും മുതുവട്ടൂരില്‍ 44 ലക്ഷം ചെലവില്‍ നിര്‍മിച്ച പി.പി.സെയ്തുമുഹമ്മദ് ഹാജി സ്മാരകമന്ദിരവും ഉടന്‍ നാടിന് സമര്‍പ്പിക്കും.
2022-23 വര്‍ഷത്തില്‍ 5.5 കോടിയുടെ വിവിധ പൊതുമരാമത്ത്് ജോലികളും അന്തിമഘട്ടത്തിലാണ്. വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക്, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ എന്നിവരുംവാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.