കുന്നംകുളത്ത് കുടുംബ കോടതി ഉദ്ഘാടനം 16 ന്
കുന്നംകുളം : നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ മൂന്നാമത്തെ കുടുംബ കോടതി കുന്നംകുളത്ത് യാഥാർത്ഥ്യമാകുന്നു. കുടുംബകോടതിയുടെ ഉദ്ഘാടനം ഡിസം. 16 ന് രാവിലെ 9 :30ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എകെ ജയശങ്കര നമ്പ്യാർ ഓൺലൈൻ വഴി നിർവ്വഹിക്കും.
കുന്നംകുളം കോടതിയോട് ചേർന്നുള്ള മീഡിയേഷൻ സെന്റർ കെട്ടിടത്തിലാണ് കുടുംബകോടതി പ്രവർത്തിക്കുക. കുന്നംകുളം ,ചാവക്കാട് താലൂക്കുകളിലായി 54 വില്ലേജുകളിലെ കുടുംബ കേസുകൾ പുതിയ കോടതിയിൽ പരിഗണിക്കും. ചാവക്കാട് താലൂക്കിലെ 31 വില്ലേജും കുന്നംകുളം താലൂക്കിലെ 23 വില്ലേജും അധികാര പരിധിയിൽ വരും. ജില്ലാ കുടുംബകോടതി ജഡ്ജ് സി കെ ബൈജു കുന്നംകുളം കുടുംബ കോടതിയുടെ താത്കാലിക ചുമതല നിർവ്വഹിക്കും.
തീരദേശ മേഖലയിൽ ഉണ്ടാകുന്ന നിരവധി കുടുംബ കേസുകൾ ജില്ലാ കോടതിയിലാണ് ഇതുവരെ പരിഗണിച്ചിരുന്നത്. കുടുംബ കോടതി പ്രവർത്തനമാരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. അയ്യന്തോൾ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ജില്ലയിൽ കുടുംബ കോടതികൾ പ്രവർത്തിക്കുന്നത്.
ജില്ലാ സെഷൻസ് ജഡ്ജ് (ഇൻ ചാർജ്ജ് ) പി എൻ വിനോദ്, ജില്ലാ കുടുംബ കോടതി ജഡ്ജ് സി കെ ബൈജു ,കുന്നംകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ എം ഉണ്ണികൃഷ്ണൻ , തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് ഇ രാജൻ, അഡ്വക്കേറ്റ്സ് ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് പി പി വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
ഫോട്ടോ : ജയപ്രകാശ് ഇലവന്ത്ര