ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ എൻ സതീഷ് ഐ എ എസ് അന്തരിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ എൻ സതീഷ് ഐ എ എസ് (62 ) അന്തരിച്ചു . കേന്ദ്ര സർക്കാരിന്റെ കീഴിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഡൽഹിയിൽ എത്തിയ അദ്ദേഹം ഹൃദയ സ്തംഭനം മൂലം അന്തരിച്ചു വെന്നാണ് കൂടെ ഉണ്ടായിരുന്ന ആൾ നൽകുന്ന വിവരം.
ഡൽഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . വിമാനത്തിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.”
തലശ്ശേരി കുന്നത്ത് നല്ലോളി പരേതരായ നാരായണൻ നമ്പ്യാ രുടെയും . കാർത്യായനിയുടെയും മകനാണ് . ഭാര്യ രമ , മകൾ ഡോ : ദുർഗ ( സ്കിൻ സ്‌പെഷലിസ്റ്റ് എറണാകുളം ) മരുമകൻ ഡോ : മിഥുൻ ( ജനറൽ മെഡിസിൻ എറണാകുളം )
സിവിൽ സപ്ലൈസ് തൃശൂർ ജില്ലാ ഓഫീസർ ആയിരുന്ന പിതാവിന്റെ നിര്യാണത്തെ തുടർന്ന് ആശ്രിത നിയമനത്തിൽ ചാവക്കാട് തഹസിൽദാർ ആയിട്ടായിരുന്നു തുടക്കം കെ കരുണാകരന്റെ പ്രത്യേക താൽപര്യ പ്രകാരം സ്‌പെഷൽ നിയമനം വഴി നേരിട്ട് തഹസിൽദാർ ആയി ജോലിയിൽ പ്രവേശിക്കുകയായിരുന്നു . തുടർന്ന് തൃശൂർ എറണാകുളം എന്നീ ജില്ലകളിൽ ഡെപ്യുട്ടി കളക്ടർ ആയി, ഡെപ്യുട്ടി കളക്ടർ ആയിരിക്കുമ്പോഴാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ആയി സർക്കാർ സതീശനെ നിയമിച്ചത് ..സതീശന്റെ കാലത്താണ് 30 കോടി ചിലവിട്ട് പൂന്താനം ഓഡിറ്റോറിയം ദേവസ്വം നിർമിച്ചത് .
ദേവസ്വത്തിലെ ഡെപ്യുട്ടേഷന് ശേഷമാണ് സർക്കാർ അദ്ദേഹത്തിന് ഐ എ എസ് നൽകിയത് . തുടർന്ന് കാസർഗോഡ് , തിരുവനന്തപുരം ജില്ലാ കളക്ടർ ആയി . പിന്നീട് തിരുവനന്തപുരം ശ്രീ പത്ഭനാഭ ക്ഷേത്രത്തിലെ സ്‌പെഷൽ ആഫീസർ ആയി ചുമതലയേറ്റു . ഹൗസിങ് ബോർഡ് എം ഡി , സിവിൽ സപ്ലൈസ് കോർപറേഷൻ എം ഡി , സംസ്ഥാന ഇൻ ലാൻഡ് നാവിഗേഷൻ എം ഡി , വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ ഡയറക്ർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . വിരമിച്ച ശേഷം എറണാകുളത്ത് എളമക്കരയിലായിരുന്നു താമസം . മൃതദേഹം വ്യഴാഴ്ച രാവിലെ നെടുമ്പാശ്ശേരിയിൽ എത്തും ,തുടർന്ന് എളമക്കരയിലെ വീട്ടിലേക്ക് കൊണ്ട് പോയി സംസ്കാര കർമങ്ങൾ നടത്തും