ഗുരുവായൂരിൽ “കേശവീയം” മിഴി തുറന്നു
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ “കേശവീയം ” മിഴി തുറന്നു. കേശവൻ്റെ ജീവിതകഥ ഇനി ചുമർചിത്രങ്ങളായി ഭക്തർക്ക് കാണാം.. ശ്രീവൽസം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ് ചിത്രചുമരായത്.
കേശവൻ സ്മൃതിദിനമായ വെള്ളിയാഴ്ച രാവിലെ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് കേശവീയം ചുമർചിത്ര മതിലിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ഗജരാജൻ കേശവൻ്റെയും ശ്രീ ഗുരുവായൂരപ്പൻ്റെയും ചിത്രങ്ങളുടെ നേത്രോന്മീലനം അവർ നിർവ്വഹിച്ചായിരുന്നു ചടങ്ങ്.
ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
പരമ്പരാഗത കേരളീയ ചുമർചിത്ര ശൈലിയിലാണ് കേശവീയം ചുമർചിത്ര മതിൽ ചിത്രീകരിച്ചത്.
50 അടി നീളവും നാല്അടി ഉയരവുമുള്ള ചുമരിലാണ് ചിത്രീകരണം. അക്രിലിക് നിറങ്ങളിലാണ് വര. ചുമർച്ചിത്ര പഠനകേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ കെ. യു. കൃഷ്ണകുമാറിന്റെയും ചീഫ് ഇൻസ്‌ട്രക്ടർ എം. നളിൻബാബുവിന്റെയും നേതൃത്വത്തിൽ പഠനകേന്ദ്രത്തിലെ നാലാം വർഷ വിദ്യാർഥികളായ അഭിനവ്, ഗോവിന്ദദാസ്, രോഹൻ, ആരോമൽ, കാർത്തിക്, അശ്വതി, ശ്രീജ,അമൃത എന്നിവരും രണ്ടാo വർഷ വിദ്യാർഥികളായ കരുൺ, അഭിജിത്,വിഷ്ണു അഖില,ഐശ്വര്യ, കവിത, സ്നേഹ, അപർണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നടത്തിയത് ..