ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ കൃഷ്ണനാട്ടത്തിന്റെ കളിയോഗം ആനായി വിരമിച്ച കെ സുകുമാരന്റെ ജീവചരിത്രം ലഘുനോവലായി പുറത്തിറങ്ങുന്നു. തന്റെ ആറരവയസ്സുള്ള മകനുമൊത്ത നിരാലംബയായി ചേർത്തലയിൽ നിന്ന് പലായനം ചെയ്തുവന്ന് ഗുരുവായൂരപ്പനിൽ അഭയം തേടി ജീവിതവിജയം നേടിയ സുകുമാരന്റെ അമ്മ നളിനിയാണ് ഈ ചരിത്രകഥയിലെ നായിക. ആറര വയസ്സുള്ള സുകുമാരനും എൺപതു കഴിഞ്ഞ ഗോപാലൻ നായരാശാനും ചേർന്നുള്ള ഗുരുകുല വിതത്തിലൂടെയാണ് കഥ നീങ്ങുന്നത്. നളിനിയുടെ പ്രാർത്ഥനകളിലൂടെ മുന്നേറുന്ന സുകുമാരന്റെ ജീവിതം പിൽക്കാലത്ത് കൃഷ്ണനാട്ടത്തിന്റെ പരമോന്നത പദവിയിൽ എത്തുന്നതാണ് കഥാസാരം. ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും അനുഭവപ്പെടുന്ന ഭഗവാന്റെ അനുഗ്രഹസാന്നിധ്യമാണ് ഇതിന്റെ കഥാതന്തു. കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
മാധ്യമപ്രവർത്തകനായ ജയപ്രകാശ് കേശവൻ രചിച്ച പുസ്തകം ഒക്ടോബർ 8ന് പ്രശസ്ത നോവ ലിസ്റ്റ് സി രാധാകൃഷ്ണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കറന്റ് ബുക്സും ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയും ചേർന്നാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലുമണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിക്കുന്ന ചടങ്ങ്, ഡോ. സുവർണ്ണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്യും. കറന്റ് ബുക്സ് പബ്ലിഷിംഗ് മാനേ ജർ കെ.ജെ. ജോണി അദ്ധ്യക്ഷനാകും. ഡോ. സി.വി. ആനന്ദബോസ് ഐ എ എസ് അനുഗ്രഹപ്രഭാ ഷണം നടത്തും, വിശിഷ്ടാതിഥിയായി തോല്പാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്രപുലവർ പങ്കെടുക്കും. പാ. പി.കെ. ശാന്തകുമാരി പുസ്തകം ഏറ്റുവാങ്ങും. കെ. സുകുമാരനെ ആദരിക്കുന്ന സമാദരണസദസ്സ് നഗരസഭ അദ്ധ്യക്ഷൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. രാധാകൃഷ്ണൻ കാക്കശേരി, എം കെ ദേവ രാജൻ എന്നിവരും സന്നിഹതിരാകും.
ചടങ്ങിൽ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ഡോ ആർ ഗിരിധരൻ, എൻ രാജു, അഡ്വ. കെ വി മോഹനകൃഷ്ണൻ, ഡോ.കെ എസ് കൃഷ്ണകുമാർ, ജി കെ പ്രകാശൻ, കെ കെ ഗോവിന്ദദാസ്, രാജൻ തറയിൽ, ദാമോദരൻ നായർ ആശാൻ, ജയകുമാർ, കെ പി ഉദയൻ, അഡ്വ : നിവേദിത പി സുബ്രഹ്മണ്യൻ, കവി സുധാകരൻ പാവറട്ടി, അഡ്വ.രവികുമാർ ചങ്കത്ത് , ടി. കൃഷ്ണദാസ്, കീഴേടം രാമൻ നമ്പൂതിരി, ആർ രവികുമാർ , ചന്ദൻ ചങ്കുത്ത്, കെ പി കരുണാകരൻ, സി സേതുമാധവൻ, എം പി ശങ്കരനാരായണൻ, ആർ പരമേശ്വരൻ, കെ ആർ ചന്ദ്രൻ എന്നിവരുടെ വിശിഷ്ട സാന്നിധ്യവും ഉണ്ടാകും .വാർത്ത സമ്മേളനത്തിൽ ജയപ്രകാശ് കേശവൻ, ശ്രീകുമാർ ഈഴുവപ്പാടി എം കെ ദേവരാജൻ , സുകുമാരൻ എന്നിവർ സംബന്ധിച്ചു