പോപ്പുലർ ഫ്രണ്ടിന് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കി : കെ.സുരേന്ദ്രൻ
കോഴിക്കോട്∙ കേരളം ഇതുവരെ കാണാത്ത പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്നും അവർക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദാഹരണമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ പോലും തകർക്കുന്ന അവസ്ഥയുണ്ടായി. നൂറോളം കെഎസ്ആർടിസി ബസുകൾ തകർക്കുകയും യാത്രക്കാർക്കും കണ്ടക്ടർമാർക്കും പരുക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചു. മൂകാംബികയിലേക്ക് പോകുന്ന തീർഥാടകരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. ഇതെല്ലാം സർക്കാരിന്റെ പരാജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡിജിപിയുടെ വാക്ക് വെറും വാക്കായി. പൊലീസ് നിഷ്ക്രിയമായി എല്ലാത്തിനും സാക്ഷിയായി. സ്ത്രീകൾക്ക് നേരെ പോലും ആക്രമണമുണ്ടായിട്ടും സർക്കാർ നിസഹായാവസ്ഥയിലായിരുന്നു. മട്ടന്നൂരിൽ ആർഎസ്എസിന്റെ കാര്യാലയത്തിനും മഞ്ചേരിയിൽ ബിജെപി ഓഫിസിനു നേരെയും ആക്രമണമുണ്ടായി. കേരളത്തിൽ ഇന്ന് വരെ ഒരു ഹർത്താലിനോട് പോലും ഇത്രയും തണുപ്പൻ സമീപനം പൊലീസ് എടുത്തിട്ടില്ല.
സർക്കാരിന്റെ മൗനാനുവാദം പരസ്യമാക്കപ്പെട്ട നടപടിയാണിത്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പൊലീസിന്റെ കൈ ബന്ധിപ്പിക്കാൻ കാരണം. യുഡിഎഫും എൽഡിഎഫും പോപ്പുലർ ഫ്രണ്ടിനെ അനുകൂലിക്കുന്നു. നിയമവിരുദ്ധമായ ഹർത്താലാണിതെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ സ്വീകരിച്ചത് അനങ്ങാപ്പാറനയമാണ്.
സർക്കാർ മൃദുസമീപനം സ്വീകരിച്ചത് അപമാനകരമാണ്. എൻഐഎക്ക് പോപ്പുലർ ഫ്രണ്ടിന്റെ പോക്കറ്റുകളിൽ റെയ്ഡ് നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇവരെ അടക്കിനിർത്താൻ കേരള പൊലീസിന് സാധിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ പൊലീസിന് ഭയമാണെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാൻ എന്തുകൊണ്ട് സർക്കാർ തയാറായില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.
സിപിഎമ്മിന്റെ കേരളത്തിലെ ഏക എംപി പിഎഫ്ഐക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം ആലപ്പുഴക്കാരനായ എംപിയാണെന്നത് കേരളത്തിന് ലജ്ജാകരമാണ്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പൊലീസിന്റെ വീഴ്ചയ്ക്ക് കാരണം. പിഎഫ്ഐയെ കയറൂരി വിടാൻ തന്നെയാണോ സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ജനത്തിന് അറിയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു