”ഭഗവദ്ഗീത ലോക ക്ഷേമത്തിന്” ഗീതാ മഹോത്സവം ഗുരുവായൂരിൽ
ഗുരുവായൂര്‍: ”ഭഗവദ്ഗീത ലോക ക്ഷേമത്തിന്” എന്ന സന്ദേശം പ്രചരിപ്പിയ്ക്കുന്നതിന്റെ ഭാഗമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ബുധനാഴ്ച രാവിലെ 6-മുതല്‍ ഉച്ചയ്ക്ക് 12-വരെ ഗീതാ മഹോത്സവമായി ആചരിയ്ക്കുമെന്ന് ഗീതാ മഹോത്സവ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 6-ന് വിഷ്ണു സഹസ്രനാമ പാരായണവും, 6.30-ന് സൗന്ദര്യ പാരായണവും, തുടര്‍ന്ന് ഭഗവദ് ഗീതയിലെ 8-അദ്ധ്യായങ്ങളിലെ ഗീതാധ്യാന പാരായണവും നടക്കും.
9.30-ന് പ്രസിദ്ധ സംഗീത സംവിധായകന്‍ ടി.എസ്. രാധാകൃഷ്ണന്റെ പ്രാര്‍ത്ഥനയോടെ ആരംഭിയ്ക്കുന്ന ആചാര്യ സംഗമവും നടക്കും. ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ആധ്യാത്മിക സംഘടനകളുമായി സഹകരിച്ച് വളരെ വിപുലമായാണ് ഇത്തവണ ഗീതാമഹോത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍, മൂകാംബിക തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമുഖ്യന്മാര്‍, പാലക്കാട് മഞ്ഞപ്ര രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി പൂര്‍ണ്ണാനന്ദ തീര്‍ത്ഥ, വടക്കാഞ്ചേരി ജ്ഞാനനാന്ദാശ്രമം മഠാധിപതി നിഗമാനന്ദ തീര്‍ത്ഥ പാദര്‍, നിലമ്പൂര്‍ രാമകൃഷ്ണാശ്രം മഠാധിപതി ആത്മസ്വരൂപാനന്ദ സ്വാമികള്‍, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, പാലക്കാട് ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ, ഗുരുവായൂര്‍ പുരാണ പാരായണ സമിതി രക്ഷാധികാരി സ്വാമി കൃഷ്ണാനന്ദ സരസ്വതി സ്വാമികള്‍ തുടങ്ങി ആധ്യാത്മികാചാര്യന്മാര്‍, സാംസ്‌ക്കാരിക നായകന്മാര്‍, സന്യാസി വര്യന്മാര്‍ ഉള്‍പ്പടെ പല പ്രമുഖരും ഗീതാമഹോത്സവത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ 18-വര്‍ഷമായി ഗുരുവായൂരില്‍ സംഘടിപ്പിയ്ക്കാറുള്ള ഗീതാമഹോത്സവം, കഴിഞ്ഞ 2-വര്‍ഷം മുങ്ങി കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി വളരെ ആഘോഷമായാണ് ഗീതാമഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, ഓഡിറ്റോറിയത്തോട് ചേര്‍ന്നും പടുകൂറ്റന്‍ പന്തലൊരുക്കിയാണ് ഗീതാ മഹോത്സവ പരിപാടി. നാളെ നടക്കാനിരിയ്ക്കുന്ന ഗീതാമഹോത്സവത്തില്‍, മൂവ്വായിരത്തിലേറെ പേര്‍ പങ്കെടുക്കും. വിഷ്ണുസഹസ്രനാമം, സൗന്ദര്യ ലഹരി, ഭഗവത്ഗീതയിലെ പ്രധാന അദ്ധ്യായങ്ങള്‍ എന്നിവ ഒരുമിച്ചിരുന്ന് പാരായണംചെയ്ത് ഭഗവാന്റെ അനുഗ്രഹം അനുഭവിച്ചറിയാന്‍ ഗുരുവായൂരിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഗുരുവായൂരില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ജി.കെ. ഗോപാലകൃഷ്ണയ്യര്‍, സി. വിശ്വനാഥന്‍, ഗുരുവായൂര്‍ കണ്ണന്‍ സ്വാമി എന്നിവര്‍ അറിയിച്ചു