ഓണം ബംപർ അടിച്ചത് തിരുവനന്തപുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക്

തിരുവനന്തപുരം: ഓണം ബമ്പര്‍ അടിച്ച ആ ഭാഗ്യശാലിയെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെയാണ് ആ ഭാഗ്യം തേടിവന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ പഴവങ്ങാടിയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്. പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. പാലായിലെ മീനാക്ഷി ലക്കി സെന്‍റര്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഇവിടെ നിന്നും പാപ്പച്ചന്‍ എന്ന കച്ചവടക്കാരന്‍ പത്ത് ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

5 കോടിയാണ് ബമ്പറിന്‍റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം – 10 കോടി (1 കോടി വീതം 10 പേർക്ക് ). നാലാം സമ്മാനം – ഒരു ലക്ഷം വീതം 90 പേർക്ക്, അഞ്ചാം സമ്മാനം – 5000 രൂപ വീതം 72,000 പേർക്ക്, ഇതിനു പുറമേ 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്.500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് ഓണം ബംപറിന് ലഭിച്ചത്. 67 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു.

കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിഞ്‍ത്. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലൻ ആയിരുന്നു കഴിഞ്ഞ വർഷത്തെ ബംപർ അടിച്ചത്. 12 കോടിയായിരുന്നു ഒന്നാം സമ്മാനം. താൻ ഇത്തവണയും ബമ്പർ എടുത്തിട്ടുണ്ടെന്ന് ജയപാലൻ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. ബമ്പർ അടിച്ചതുകൊണ്ട് തൻറെ ജീവിതത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ജയപാലൻ പറയുന്നത്. ഇന്നും ജയപാലൻ ഓട്ടോ ഓടിക്കുന്നുമുണ്ട്. ‘തന്‍റെ മരണം വരെയും വണ്ടി ഓടിക്കും. ഞാൻ പഠിച്ചേക്കുന്ന തൊഴിൽ അതാണ്. വണ്ടി എടുത്തപ്പോഴാണ് എനിക്ക് ഭാഗ്യം വന്നത്.’ ജയപാലൻ പറഞ്ഞിരുന്നു.

പൈസ വന്ന് കഴിഞ്ഞാൽ രണ്ട് വർഷത്തേക്ക് ആർക്കും പണം കൊടുക്കരുതെന്നാണ് ജയപാലൻ പുതിയ വിജയിക്ക് നൽകുന്ന ഉപദേശം. രണ്ട് കൊല്ലത്തിന് ശേഷം വരവ് ചെലവ് കണക്ക് അറിഞ്ഞതിന് ശേഷം വേണം കൊടുക്കാൻ, അല്ലെങ്കിൽ നമ്മൾ രക്ഷപ്പെടില്ല. ആർഭാട ചെലവുകൾ ഒഴിവാക്കുക രണ്ട് കൊല്ലത്തേക്ക്. അതിന് ശേഷം നികുതിയും മറ്റും നോക്കിയിട്ട് ആളുകൾക്ക് കൊടുക്കുക. എന്നും അദ്ദേഹം പറയുന്നു