ഗുരുവായൂർ മേൽശാന്തിയായി കക്കാട് ഡോ : കിരൺ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ഗുരുവായൂർ കക്കാട് മന ആനന്ദൻ നമ്പൂതിരിയുടെ മകൻ ഡോ : കിരൺ ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു . ഉച്ചപൂജ കഴിഞ്ഞ ശേഷം കൊടിമരത്തിന് മുന്നിൽ വെച്ച് നിലവിലെ മേല്‍ശാന്തി കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ആണ് നറുക്കെടുപ്പ് നടത്തിയത് . ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് .
ഈ മാസം 30 ന് രാത്രി അത്താഴ പൂജക്ക് ശേഷം പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും. നിലവിലെ മേല്‍ശാന്തിയില്‍ നിന്ന് ശ്രീ കോവിലിന്റെ താക്കോല്‍ കൂട്ടം വാങ്ങിയാണ് ചുമതല ഏറ്റെടുക്കുക. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറുമാസമാണ് മേല്‍ശാന്തിയുടെ കാലാവധി . 42 പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത് .ഇതിൽ തന്ത്രിയുമായി കൂടിക്കാഴ്ചക്ക് എത്തിയ 41 പേരിൽ 39 പേരാണ് നറുക്കെടുപ്പിന് യോഗ്യത നേടിയത് .ഗുരുവായൂർ ക്ഷേത്രത്തിലെ ഓതിക്കൻ കുടുംബാംഗമായ കിരൺ ആനന്ദ് ആറു വർഷം റഷ്യയിലും കുറച്ചു കാലം ദുബായിലും ആയുർവേദ ഡോക്ടർ ആയി സേവന മനുഷ്ഠിച്ചിട്ടുണ്ട് . മൂന്ന് കൊല്ലം മുൻപാണ് നാട്ടിലേക്ക് എത്തിയത് ,
. ഗുരുവായൂർ പൊട്ടക്കുഴി നാരായണൻ നമ്പൂതിരിയുടെ കിഴിൽ നിന്ന് പൂജാ വിധികളും , എടപ്പാൾ അഗ്നി ശർമൻ നമ്പൂതിരിയുടെ കീഴിൽ നിന്ന് വേദങ്ങളും സ്വായത്തമാക്കി മൂന്ന് വര്ഷം കടവല്ലൂർ അന്യോനത്തിൽ പങ്കെടുത്തിട്ടുണ്ട് .വണ്ടൂർ കിടങ്ങഴി മന ശാരദ അന്തർജ്ജനമാണ് മാതാവ് .പെരിന്തൽമണ്ണ ചെറുകര മുണ്ടേക്കാട്ട് മന ഡോ: മാനസി ആണ് ഭാര്യ , കൊട്ടാരക്കരയിൽ അധ്യാപികയായ രശ്മി ആനന്ദ് സഹോദരിയാണ് . ഇന്ന് രാവിലെ ഭഗവാന് അഭിഷേകം ചെയ്യാൻ നിയോഗം ലഭിച്ചത് കിരൺ ആനന്ദ് നമ്പൂതിരിക്കായിരുന്നു . മുത്തച്ഛൻ കക്കാട് ദാമോദരൻ നമ്പൂതിരിയും , ചെറിയച്ഛൻ ദേവദാസ് നമ്പൂതിരിയും ഗുരുവായൂർ മേൽശാന്തി ആയിട്ടുണ്ട് അച്ഛൻ ആനന്ദൻ നമ്പൂതിരിക്ക് ലഭിക്കാതെ പോയ ഭാഗ്യം മകനിലൂടെ സാധ്യമായി
.