പ്രതിഭ തെളിയിക്കാൻ കഴിയുന്ന അവസരം പാഴാക്കരുത് : കലക്ടർ ഹരിത വി കുമാർ

ചാവക്കാട് : സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് കലക്ടർ ഹരിതാ വി കുമാർ. അതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തമാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ എൻഡോവ്മെൻറ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.രക്ഷകർത്താക്കളുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന രീതി ഉണ്ടാകരുതെന്നും കലക്ടർ ഓർമപ്പെടുത്തി.സിവിൽ സർവീസ് പരീക്ഷയിലെ സ്വന്തം അനുഭവ കഥകളും കളക്ടർ വേദിയിൽ പങ്കു വെച്ചു.

ഈ വർഷം ഉന്നത വിജയം കൈവരിച്ച 151 വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെന്റ് വിതരണം ചെയ്തത്.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭ വിദ്യാർത്ഥികൾക്കായി നടത്തിയ ദേശഭക്തിഗാനം, പെയിൻറിങ് എന്നീ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.