ചന്ദ്രബോസ് വധം , നിഷാമിന്റെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നൽകിയ അപ്പീൽ ഹർജിഹൈക്കോടതി തള്ളി. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
അതേസമയം അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്നും ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നൽകണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാൻ നിഷാം ഉപയോഗിച്ച ആഡംബര കാറായ ഹമ്മൾ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിൻ്റെ ഉടമ നൽകിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
വിചാരണ കോടതി വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിൻ്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ചന്ദ്രബോസിന് ജീവപര്യന്തം തടവിന് പകരം വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്ന് മുൻഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. അസഫലി അഭിപ്രായപ്പെട്ടു
ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹര്‍ജിയിൽ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കി തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നേരത്തെ കേരള ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയിരുന്നു. നിഷാം നൽകിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ആറ് മാസത്തിനകം വിധി പറഞ്ഞില്ലെങ്കിൽ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യം ലഭിക്കാനോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2015 ജനുവരി 29 നാണ് ശോഭ സിറ്റിയിലെ ജീവനക്കാരനായ ചന്ദ്രബോസിനെ നിഷാം കാർ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.പുലർച്ചെ 3.15 ഓടെ ഫ്ലാറ്റിലെത്തിയ നിഷാമിന് ഗേറ്റ് തുറന്ന് നൽകാൻ വൈകിയതിന്‍റെ വിരോധത്തിലായിരുന്നു കൊലപാതകം, നിഷാം 7 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജീവപര്യന്തവും മറ്റ് വിവിധ വകുപ്പുകൾ പ്രകാരം 24 വർഷത്തെ തടവ് ശിക്ഷയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. 80.3 ലക്ഷം പിഴയും വിധിച്ചിരുന്നു. പിഴശിക്ഷയിൽ 50 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തിക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു.