മയ്യഴിയുടെ കഥാകാരന്’ ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ പിറന്നാൾ ആഘോഷം.
ഗുരുവായൂർ : മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരൻ എം. മുകുന്ദന് ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ പിറന്നാൾ മധുരം. എൺപതാം പിറന്നാൾദിനത്തിൽ ശ്രീ ഗുരുവായൂരപ്പനെ തൊഴുതും ഭക്തർക്കൊപ്പം പ്രസാദ ഊട്ട് കഴിച്ചുമായിരുന്നു അദ്ദേഹത്തിൻ്റെ ജൻമദിനാഘോഷം.
” പൂരമാണ് ജൻമ നക്ഷത്രം . സെപ്തംബർ 10 ആണ് ജനനത്തീയതി. ആ ദിവസമാണ് പിറന്നാളായി ഞാൻ കണക്കാകുക. ഇത്തവണ ഗുരുവായൂരപ്പൻ്റെ മുന്നിലാവട്ടെ പിറന്നാൾ എന്ന് ആഗ്രഹിച്ചു. ഭാര്യ ശ്രീജയ്ക്കും സമ്മതം. കുറച്ച് കാലമായി ഇവിടെ വരാൻ ആഗ്രഹിക്കുന്നു .വളരെ സന്തോഷമാണ് ഇവിടെ വരുന്നത്.’ എം മുകുന്ദൻ പറഞ്ഞു.
പിറന്നാൾ ദിനത്തിൽ ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ പ്രസാദ ഊട്ട് കഴിക്കാനായതിൻ്റെ ആഹ്ളാദവും അദ്ദേഹം പങ്കിട്ടു. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം അന്ന ലക്ഷ്മി ഹാളിൽ ഭക്തർക്കൊപ്പമിരുന്നാണ് പ്രസാദ ഊട്ടു കഴിച്ചത്. പ്രസാദ ഊട്ട് ഇഷ്ടമായോയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ . ” അത് ചോദിക്കാനുണ്ടോ. അതിഗംഭീരമല്ലേ. ഒരു പ്രത്യേകടേസ്റ്റാണ്. സിംപിളും. പാൽപ്പായസവും കേമം.. മുൻപ് കോവിഡ് കാലത്തിന് മുൻപ് ഇവിടെ വന്ന് പ്രസാദ ഊട്ട് കഴിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമാണ് അന്ന് വന്നത് “.. അദ്ദേഹം മനസ് തുറന്നു.
അവിട്ടം ദിനത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഭാര്യ ശ്രീജക്കൊപ്പം എം മുകുന്ദൻ ഗുരുവായൂരെത്തിയത്. ദേവസ്വം ശ്രീവൽസം അതിഥിമന്ദിരത്തിൽ താമസം. വൈകിട്ട് ദീപാരാധനയ്ക്ക് ക്ഷേത്രത്തിലെത്തി. ഗുരുവായൂരപ്പനെ കൺനിറയെ കണ്ടു. പ്രാർത്ഥനാ പുഷ്പങ്ങൾ നേർന്നു. ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ ഭഗവാൻ്റെ പ്രസാദ കിറ്റും ഏറ്റുവാങ്ങി.
പിറന്നാൾ ദിനമായ ഇ ന്ന് പുലർച്ചെ 4 മണിക്ക് തന്നെ ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതു.
തിരിച്ച് റൂമിലെത്തുമ്പോൾ ഇഷ്ട സാഹിത്യകാരന് പിറന്നാൾ ആശംസയുമായി ആരാധകരുടെ നിരവധി ഫോൺ വിളികളെത്തി. തലശേരിയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ തിരിച്ച ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ എം. മുകുന്ദന് പിറന്നാൾ ആശംസകൾ നേർന്നു. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി ഭരണ സമിതി അംഗം സി.മനോജ് ശ്രീവൽസം അതിഥി മന്ദിരത്തിലെത്തി എം.മുകുന്ദനെ പൊന്നാടയണിയിച്ചു. പിറന്നാൾ ആശംസയും അറിയിച്ചു.
രണ്ടു ദിവസം ഗുരുവായൂരിൽ ചെലവഴിച്ച എം.മുകുന്ദൻ തികഞ്ഞസംതൃപ്തിയോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത് ” ഇനിയും സമയം കിട്ടുമ്പോഴെല്ലാം ഗ്രീ ഗുരുവായൂരപ്പ സന്നിധിയിൽ വരും. ” എന്ന് ഉറപ്പ് നൽകാനുംഎം മുകുന്ദനും സഹധർമ്മിണിയും മറന്നില്ല.മലയാള സാഹിത്യത്തെ വിശ്വസാഹിത്യ രംഗത്തേക്ക് ആനയിച്ചവരിൽ പ്രധാനിയാണ് മണിയമ്പത്ത് മുകുന്ദൻ.
ആധുനികതയുടെ വരവറിയിച്ച കഥാകാരൻ. ഫ്രഞ്ച് അധീന പ്രദേശമായിരുന്ന തലശേരി മയ്യഴിയിൽ 1942 സെപ്തംബർ 10 നാണ് ജനനം. ബാല്യകാലം രോഗപീഢകളുടെതായിരുന്നു. ഏകാന്തതയിൽ അക്ഷരങ്ങൾ കൂട്ടായി . 1962 ൽ ഡൽഹിയിലെത്തി. ഫ്രഞ്ച് എംബസിയിൽ ഉദ്യോഗസ്ഥൻ. ആദ്യ കഥ നിരത്ത് .മയ്യഴിയുടെ തീരങ്ങളിൽ, ദൽഹി ഗാഥകൾ ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹത്തിൻ്റേതായുണ്ട്. എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ് ,കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.