ഗുരുവായൂരിലെ ക്യൂ കോംപ്ലക്‌സിന് വീണ്ടും ജീവൻ വെച്ചു , നിർമാണം തെക്കേ നടപന്തലിൽ
ഗുരുവായൂർ : ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 2400 മുതൽ 2600 പേര്‍ക്ക് ഒരേസമയം വരി നില്ക്കാൻ കഴിയുന്ന നിലയില്‍ മൂന്ന് നിലയിലാണ് ക്യൂ കോംപ്ലക്‌സ് പണിയുക എന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിചെയർമാൻ ഡോ വി കെ വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെക്കേ നടപന്തിൽ ആണ് അഴിച്ചു മാറ്റാൻ കഴിയുന്ന രീതിയിൽ ഉള്ള ക്യൂ കോംപ്ലക്‌സ് നിര്‍മ്മിക്കുക. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യവും ഇതിൽ ഒരുക്കും ശോഭ ഡവലപ്പേഴ്സ് ആണ് ഇതിന്റെ രൂപ തയ്യാറാക്കുന്നത് , രൂപ രേഖ ലഭിച്ചാൽ ദേവസ്വത്തിലെ മരാമത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ദേവസ്വം നേരിട്ടാണ് കോംപ്ലെക്സ് നിർമാണം നടത്തുക .ക്ഷേത്രത്തില്‍ ക്യൂ കോംപ്ലക്‌സ് പണിയുമെന്നത് ദീര്‍ഘകാലമായുള്ള വാഗ്ദാനമാണ്. തോട്ടത്തിൽ രവീന്ദ്രൻ ചെയർമാൻ ആയിരിക്കുന്ന സമയത്ത് തെക്കേ നടയിൽ ക്യൂ കോംപ്ലക്‌സ് നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു .
തുടർന്ന് വന്ന യു ഡി എഫ് ഭരണ സമിതി സത്രം വളപ്പിൽ ക്യൂ കോംപ്ലക്‌സ് നിർമാണത്തിനായി കല്ലിടൽ വരെ നടത്തി , കെ ബി മോഹൻദാസ് ചെയർമാൻ ആയിരിക്കെ മംഗല്യയിൽ ക്യൂ കോംപ്ലക്‌സ് ഒരുക്കുവാൻ പദ്ധതി ഇട്ടിരുന്നു .ഒടുവിൽ ഈ ഭരണ സമിതി തെക്കേ നടപന്തലിൽ ക്യൂ കോംപ്ലക്‌സ് നിര്‍മ്മിക്കുവാൻ തീരുമാനമെടുത്തു .
അതെ സമയം പൂതേരി ബംഗ്ലാവ് നിന്ന സ്ഥലത്ത് അന്ന ലക്ഷ്മി ഹാൾ നിർമാണത്തിൽ നിന്ന് ഈ ഭരണ സമിതി പിന്നോക്കം പോയി. കഴിഞ്ഞ ഭരണ സമിതിയുടെ അഭിമാന പദ്ധതി ആയിരുന്നു കിഴക്കേ നടയിൽ ഊട്ടു പുര നിർമിക്കുക എന്നത് . അതിന് വേണ്ടി നൂറ്റാണ്ടുകൾ പഴക്കമുള്ള പൂതേരി ബംഗ്ലാവ് എന്ന മനോഹരമായ കെട്ടിടം പൊളിച്ചു നീക്കിയിരുന്നു ഏറെ എതിർപ്പുകൾ നേരിട്ടാണ് കെട്ടിടം പൊളിച്ചു നീക്കിയത് .രണ്ട് വർഷ കാലാവധിയിൽ വരുന്ന ദീർഘ വീക്ഷണമില്ലാത്ത ഭരണ സമിതികളുടെ ആറാട്ടാണ് യഥാർത്ഥത്തിൽ ഗുരുവായൂരിൽ നടമാടുന്നത്