കുന്നംകുളത്തെ കൂടത്തായി മോഡൽ കൊലപാതകം , റമ്മി കളിയിൽ മകൻ വരുത്തിയ ബാധ്യത തീർക്കാൻ
കുന്നംകുളം : കിഴൂരിൽ യുവതി അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മകൻ ഓൺലൈൻ റമ്മികളിയിലുണ്ടാക്കിയ ലക്ഷങ്ങളുടെ കടബാധ്യത . ഇന്ദുലേഖയിൽ നിന്ന് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ലഭിക്കുന്നത് എട്ടു ലക്ഷം രൂപയാണ് പ്ളസ് ടുവിൽ പഠിക്കുന്ന മകൻ റമ്മി കളിച്ചു ബാധ്യത വരുത്തിയതത്രെ . സംഭവത്തിന് ശേഷം സമ നില തെറ്റിയ പോലെയാണ് മകന്റെ പെരുമാറ്റം എന്ന് അയൽ വാസികൾ പറയുന്നു . അന്വേഷണ സംഘം എലി വിഷം വീട്ടിൽ നിന്നും കണ്ടെത്തി. കുന്നംകുളം എസിപി ടി എസ് സിനോജ്, കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി വീട്ടിലെത്തി നടത്തിയ തെളിവെടുപ്പിലാണ് എലിവിഷം കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് പ്രതിയായ കീഴൂർ സ്വദേശിനി ചോഴിയാട്ടിൽ വീട്ടിൽ 40 വയസ്സുള്ള ഇന്ദുലേഖയുമായി പോലീസ് സംഘം വീട്ടിലും കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ചുവന്നിരുന്ന ഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 23-ാം തീയതിയാണ് കീഴൂർ സ്വദേശിനി ചോഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ 58 വയസ്സുള്ള രുഗമിണി മരിച്ചത്. പ്രതി പിതാവിനെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1 മാസത്തിലധികമായി ഗുളികകൾ നൽകി വരികയാണെന്നാണ് ലഭിക്കുന്ന വിവരം. ചായ കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രുഗ്മിണിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 23 -ാം തീയതി രാവിലെ 6.30 ഓടെ രുഗ്മിണി മരിച്ചത്. മരണത്തിൽ അസ്വാഭാവികത തോന്നിയതോടെ മരിച്ച സ്ത്രീയുടെ ഭർത്താവ് ചന്ദ്രനാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. ആശുപത്രി അധികൃതർ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഇതോടെ മൃതദേഹത്തിൽ എലി വിഷത്തിന്റെ അംശം കണ്ടെത്തി. ഇതേ തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ രുഗ്മിണിയെ അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ന് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തു. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്