കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിൽ
തൃശൂർ: കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണ് ചരിഞ്ഞ നിലയിൽ. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. തുമ്പിക്കൈയ്യും തലയും ഉൾപ്പെടെ മുൻഭാഗം കുഴിയിൽ അമർന്ന നിലയിലാണ് ആനയുടെ ജഡം കിടന്നത്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ആനകൾ എത്തി കൃഷി നശിപ്പിച്ചിരുന്നെന്നും ഈ കൂട്ടത്തിൽ ഒന്നാവാം തിങ്കളാഴ്ച രാത്രി കുഴിയിൽ വീണതെന്നുമാണ് പ്രദേശവാസികളുടെ നിഗമനം. ആനയുടെ ജഡം പുറത്തെടുക്കാൻ ക്രെയിനും ജെ.സി.ബിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആവശ്യമായി വരും.എന്നാൽ ഇവ സ്ഥലത്തേക്ക് എത്തിക്കാൻ റോഡ് സൗകര്യം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്ഥലത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് വഴി ഉണ്ടാക്കിയ ശേഷം മാത്രമേ ക്രെയിൻ എത്തിച്ച് ആനയെ പുറത്തെടുക്കാൻ കഴിയു.
വെള്ളിക്കുളങ്ങര വനംവകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.ആനയുടെ ജഡം പുറത്തെടുത്ത് അടുത്തുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തും. അതിനു ശേഷം ജഡം സംസ്കരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു