കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം. ജി.നാരായണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എം ജി നാരായണനെ തൃശ്ശൂരിലെ കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തിനടുത്തുള്ള അംഗങ്ങളുടെ ക്വാട്ടേഴ്സിനുള്ളിൽ ഇന്ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വൈകിട്ട് 5.30 നും രാത്രി 7.30 നു മിടയിലാണ് മരണപ്പെട്ടത് എന്നാണ് ഈസ്റ്റ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
മരണപ്പെട്ട നാരായണൻ ഇന്ന് പകൽ ഓഫീസിൽ വന്നിട്ടില്ല എന്നാണ് വിവരം. ക്വാട്ടേഴ്സിൽ പോയി വിശ്രമിക്കുക പതിവാണ്. വൈകിട്ടും അദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ചൊവ്വ രാവിലെ പത്തിന് ദേവസ്വം ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തിഘട്ടിൽ സംസ്കാരം നടക്കും..
തൃശൂര്‍ വില്‍വട്ടം സ്വദേശിയായ നാരായണന്‍ ദീര്‍ഘകാലം വനജ മില്ലിലെ തൊഴിലാളിയായിരുന്നു. വില്‍വട്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായും വില്‍വട്ടം സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയായും എഐടിയുസി മണ്ഡലം ഭാരവാഹിയായും പ്രവര്‍ത്തിച്ച് നഗരത്തില്‍ ശ്രദ്ധേയനായിരുന്നു. നിലവില്‍ കിസാന്‍സഭ സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്. ലക്ഷ്മിയാണ് ഭാര്യ. മക്കൾ ബിജു (കണ്ണന്‍), ബിന്ദു, സിന്ധു മരുമക്കൾ റിന്ദു, സുകുമാരന്‍, ശ്രീകാന്ത്