ഗുരുവായൂരിൽ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, ജനം ആശങ്കയിൽ
ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള വെറ്റിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് നായക്ക് പേ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചത് .നിരവധി പേർക്ക് നായയുടെ കടിയേറ്റതായി വിവരമുണ്ട് . ഇതിൽ ഏഴ് പേർ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് . ചികിത്സ തേടിയവരോട് പേ വിഷത്തിനുള്ള തുടർ ചികിത്സ നടത്തണമെന്ന് ആരോഗ്യ വിഭാഗം നിർദേശം നൽകിയിട്ടുണ്ട്
അതെ സമയംഒരു ചികിത്സയും തേടാതെ പോയ ആളുകളുടെ കാര്യത്തിലാണ് ആശങ്ക ഉയരുന്നത് . കൊയിലാണ്ടി മാവുത്തിപുറത്തോട് അഭിലാഷ് (25), പാലക്കാട് ചെങ്ങരക്കാട്ടില്‍ രമാദേവി (50), ചെന്നൈ 2 എഫ് ബജാജ് അപ്പാര്‍ട്ട്മെന്റില്‍ വെങ്കട്ട് (18), ചെങ്ങന്നൂര്‍ കല്ലിശേരി ചന്ദ്രമോഹനന്‍ പിള്ള (57), പുതുച്ചേരി തിലാസ്പെട്ട് സ്വദേശികളായ മഹേഷ് (42), റിതീഷ് (7), മലപ്പുറം പുളിക്കല്‍ സിതാര (39) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രീയിൽ ചികിത്സ തേടിയത് .
അതിനിടെ ഇന്നലെ ദർശനത്തിന് എത്തിയ നിരവധി ഭക്തർക്ക് നായയുടെ കടിയേറ്റിട്ടും ക്ഷേത്ര നടയിലുള്ള നായകളെ മാറ്റാൻ ദേവസ്വം ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ് . ഈ നായ്ക്കളിൽ ചിലതിനെ പേ ബാധിച്ച നായ കടിച്ചിരുന്നുവത്രെ .ഇത് ക്ഷേത്ര നടയിലെ വ്യാപാരികളെയും കടുത്ത ആശങ്കയിൽ ആക്കിയിട്ടുണ്ട് .എപ്പോൾ വേണമെങ്കിലും നായകളുടെ കടിയേൽക്കാം എന്ന അവസ്ഥയിലാണ് വ്യാപാരികളൂം ഭക്തരും .
മനുഷ്യ ജീവനേക്കാൾ നായകളുടെ സ്വതന്ത്ര വിഹാരത്തിനാണ് അധികാരികൾ വില കൽപിക്കുന്നത് എന്നാണ് ഭക്തരുടെ ആക്ഷേപം .ചിങ്ങം പിറക്കുന്നതോടെ ക്ഷേത്ര നഗരി ഭക്തരെ കൊണ്ട് നിറയും. വരുന്ന ഭക്തർക്ക് സംരക്ഷണം കൊടുക്കാൻ കഴിയുന്നില്ലെങ്കിൽ ദേവസ്വം അക്കാര്യം തുറന്ന് സമ്മതിക്കണം, കൂടാതെ കോവിഡ് കാലത്ത് പരസ്യപ്പെടുത്തിയിരുന്നത് പോലെ ഭക്തർ ആരും ഗുരുവായൂരിലേക്ക് ദർശനത്തിനു വരരുത് കൂടി പ്രസ്താവന ഇറക്കിയാൽ പേ നായകളുടെ കടിയിൽ നിന്നും ഭക്തരെ രക്ഷപ്പെടുത്താൻ കഴിയും . ഗുരുവായൂരിൽ ദർശനത്തിന് എത്തിയത് കൊണ്ട് മാത്രമാണ് നിരവധി പേർക്ക് പേയ് പിടിച്ച നായയുടെ കടിയേൽക്കേണ്ടി വന്നത് . ദേവസ്വത്തിന്റെ നിരുത്തവാദ സമീപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഭക്ത സംഘടനകൾ