അശാസ്ത്രീയമായ മാറ്റം, ഗുരുവായൂരിലെ ആനകളുടെയും ,പാപ്പാന്മാരുടെയും ആയുസ്സിനെ ബാധിക്കുന്നു
ഗുരുവായൂർ : ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാന്മാരെ യൂണിയന്റെ താല്പര്യ പ്രകാരം അശാസ്ത്രീയമായ രീതിൽ മാറ്റുന്നത് കൊണ്ട് ആനകളുടെയും പാപ്പാന്മാരുടെയും ആയുസ്സിനെ ബാധിക്കുന്നതായി ആക്ഷേപം . കഴിഞ്ഞ മാസം അനന്ത നാരായണൻ എന്ന കൊമ്പൻ ഇടഞ്ഞു രണ്ടാം പാപ്പാനെ കൊമ്പ് കൊണ്ട് തട്ടി തെറിപ്പിച്ചത് ഇത്തരം മാറ്റങ്ങളുടെ അനന്തര ഫലം മൂലമാണെന്ന് പറയുന്നു. വാരിയെല്ലുകൾ പൊട്ടിയ പാപ്പാൻ ഹരിദാസൻ ഇപ്പോഴും ചികിത്സയിൽ ആണ് . സുഖ ചികിത്സയുടെ ഭാഗമായ ഔഷധ കൂട്ട് നൽകുന്നതിന് വേണ്ടി കെട്ടു തറയിൽ നിന്നും കൊണ്ട് വരുമ്പോഴാണ് ആന അനുസരണക്കേട് കാണിച്ചത്.
അസുഖ ബാധിതനാകുന്ന ആനയുടെ ചട്ടക്കാരൻ ആകാൻ ആർക്കും താല്പര്യമില്ല ,അതെ സമയം ആനയെ മാസങ്ങളോ വർഷങ്ങളോ എടുത്ത് പരിചരിച്ച് പുറത്തേക്ക് കൊണ്ടുപോകൻ കഴിയുന്ന അവസ്ഥയിൽ ആകുമ്പോഴേക്കും ആ ആനയുടെ ചട്ടക്കാരൻ ആകാൻ പാപ്പാന്മാരുടെ തള്ളി കയറ്റമാണ് .
അസുഖ ബാധിതൻ ആയി ദീർഘ കാലം കേട്ട് തറയിൽ നിന്ന ആന, നീണ്ട കാല പരിചരണം നടത്തിയ ചട്ടക്കാരനുമായി ഒരു ആത്മബന്ധം സൃഷ്ടിച്ചിട്ടുണ്ടാകും , പുതിയ ആൾ ചട്ടക്കാരൻ ആയിഎത്തുമ്പോൾ അത് വരെ ഉണ്ടായിരുന്ന കെമിസ്ട്രി നഷ്ടപ്പെടുന്നു ,ഇതോടെ ആന അനുസരണ കേട് കാണിക്കും . അത് ആനയെ വീണ്ടും കെട്ട് തറയിലേക്ക് തന്നെ എത്തിക്കുകയുമാണ് ചെയ്യുന്നത് . മുൻപ് അർജുനൻ എന്ന ആന ചരിഞ്ഞത് പാപ്പാന്മാരുടെ പീഡനം കൊണ്ടാണെന്ന ആരോപണം ഉയർന്നിരുന്നു , പുതിയ പാപ്പാൻ ആനയെ ചട്ടത്തിലാക്കാൻ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് ആന ചരിഞ്ഞതെന്നായിരുന്നു കേസ്
ആനകൾക്ക് ഒന്ന് രണ്ട് മൂന്ന് എന്നീ ക്രമത്തിൽ പാപ്പാന്മാരെ നിശ്‌ചയിക്കുന്നത് തന്നെ രണ്ടാം പാപ്പാൻ ഒന്നാം പാപ്പാൻ ആകുമ്പോൾ രണ്ടാം പാപ്പന്റെ സ്ഥാനത്തേക്ക് മൂന്നാം പാപ്പാൻ എത്താൻ വേണ്ടിയാണ് . എല്ലായിടത്തും ആനകൾക്ക് വേണ്ടി പാപ്പാന്മാരെ സൃഷ്ടി ക്കുമ്പോൾ ഗുരുവായൂരിൽ പാപ്പാന്മാർക്ക് വേണ്ടി ആനകളെ വിട്ടു കൊടുക്കുകയാണ് .എഴുന്നള്ളിപ്പിന് കൊണ്ട് പോകാൻ കഴിയുന്ന ആനകളിൽ നിന്നുള്ള വരുമാനമാണ് എല്ലാവരുടെയും നോട്ടം , കെട്ട് തറയിൽ നിൽക്കുന്ന ആനകളെ പരിചരിക്കുമ്പോൾ ശമ്പളം മാത്രമാണ് ലഭിക്കുക . ആനയുടെ ചട്ടക്കാരനെ മാറ്റുമ്പോൾ ദേവസ്വം ഭരണ സമിതി അറിഞ്ഞിരിക്കണം എന്നാണ് വ്യവസ്ഥ .ഈ വ്യവസ്ഥയെല്ലാം കാറ്റിൽ പറത്തി യാണ് ലക്ഷ്മിനാരായണൻ എന്ന കൊമ്പന്റെ ചട്ടക്കാരനെ മാറ്റാൻ യൂണിയന്റെ തീവ്ര പരിശ്രമം,
ദേവസ്വത്തിന്റെ ആനകളുടെ പാപ്പാന്മാരെ ശാസ്ത്രീയ മായി എങ്ങിനെ മാറ്റാം എന്ന് പഠിക്കാൻ ഭരണ സമിതി അംഗം അഡ്വ കെ വി മോഹന കൃഷ്ണന്റെ നേതൃത്വത്തിൽ ഉള്ള ഒരു സ മിതിയെ ദേവസ്വം നിയോഗിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപ് ആണ് യൂണിയൻ ഇടപെട്ട് ആനകളെ തോന്നുംപടി ചട്ടക്കാർക്ക് കൈമാറാൻ സമ്മർദ്ദം ചെലുത്തുന്നത് എന്നാണ് ആന പ്രേമികൾ ആരോപിക്കുന്നത്