ചാവക്കാട് മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം.
ചാവക്കാട്: തീരമേഖലയില്‍ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ വീശിയ മിന്നല്‍ചുഴലിയില്‍ വ്യാപക നാശം.ഒരു മിനിട്ടില്‍ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും അതിശക്തമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വട്ടം ചുറ്റി ഏതാണ്ട് രണ്ട് മീറ്റര്‍ ചുറ്റളവില്‍ വീശിയ കാറ്റ് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ദിശയിലാണ് വീശിയത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. ശക്തമായ കാറ്റില്‍ പുതിയറയില്‍ ദേശീയപാതയോരത്തെ രാമി ഷാജിയുടെ ഉടമസ്ഥതയിലുള്ള വിറകുവില്‍പ്പന ഷെഡ്ഡിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നുപോയി. ഷെഡ്ഡും കാറ്റില്‍ തകര്‍ന്നു. സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ അപകടത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പുതിയറ പിച്ചോത്തില്‍ റഷീദിന്റെ പറമ്പിലെ തേക്ക് മരം ദേശീയപാതയിലേക്കു വീണു. ദേശീയപാതയുടെ മധ്യത്തിലാണ് മരം വീണതെങ്കിലും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുതിയറ പള്ളിയുടെ വളപ്പിലെ ആര്യവേപ്പ് ദേശീയപാതയിലേക്കു വീണു. പുതിയറ- പുന്ന റോഡില്‍ രായംമരയ്ക്കാര്‍ വീട്ടില്‍ ഉമ്മറിന്റെ വീട്ടുമുറ്റത്തെ മാവ് വൈദ്യുതിലൈനിലേക്ക് വീണു. പുതിയറ കരിപ്പോട്ട് വിബിന്റെ വീട്ടുമുറ്റത്തെ മാവിന്റെ ആറ് വലിയ കൊമ്പുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണ് വീട്ടുമതില്‍ തകര്‍ന്നു. ചാവക്കാട് നഗരസഭാ വാര്‍ഡ് 32-ല്‍ എസിപ്പടിക്ക് കിഴക്ക് രാമി ഹംസക്കുട്ടി യുടെ ഓടിട്ട വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി.രാമി നഫീസുവിന്റ വീടിന്റെ നാല് ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. തൊഴുത്തിന്റെ മുകളിലേക്ക് തെങ്ങുവീണു നഷ്ടം.
പേള ഹസ്സൈനാറിന്റെ ഓലമേഞ്ഞ വീടിനുമേല്‍ പ്ലാവ് മുറിഞ്ഞു വീണു.തൊണ്ടേന്‍കേരന്‍ ഹനീഫയുടെ പറമ്പിലുള്ള തെങ്ങ് കടമുറിഞ്ഞു വീണു.കോഴിക്കോട്ടാളന്‍ അബുബക്കറിന്റ സ്ലാബ് മതില്‍ തകര്‍ന്നുവീണു.കോഴിക്കോട്ടാളന്‍ മനാഫിന്റ വീടിന്റ ഓടുകള്‍ തെറിച്ചുവീണു.കോട്ടപ്പുറത്ത് ബദറുവിന്റെ പറമ്പിലെ പ്ലാവ് കടമുറിഞ്ഞു വീണു. കോട്ടപ്പുറത്ത് അബ്ബാസിന്റ വീടിന്റെ ഷീറ്റ് പറന്നു പോയി.പുതിയറ അരയച്ചാന്‍ സേതുമുഹമ്മദിന്റെ ഭാര്യ അയിഷയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.