യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവും സഹോദരിയും അറസ്റ്റിൽ
ഗുരുവായൂർ : പുന്നയൂർക്കുളത്ത് യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവും സഹോദരിയും അറസ്റ്റിൽ. പുന്നയൂർക്കുളം ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ മകൾ ഫൈറൂസ (26) വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർതൃമാതാവ് റസിയയെയും സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഫൈറൂസയുടെ മരണം ഗാർഹീക പീഡനം മൂലമാണെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നടപടിയില്ലാതിരുന്നതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ബന്ധുക്കൾ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും പരാതി നൽകിയിരുന്നു പിന്നാലെയാണ് ഭർതൃമാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്യുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫൈറൂസ വീട്ടിലെ കിടപ്പമുറിയിൽ തൂങ്ങി മരിച്ചത്. മരിക്കുന്നതിന് അല്പം മുൻപ് ഫൈറൂസിന് ഗൾഫിലുള്ള ഭർത്താവ് ജാഫറിൻ്റെ ഫോൺ കോൾ വന്നിരുന്നു. ഫോൺ സംഭാഷണത്തിനു ശേഷം മുറിയിൽ കയറി കതകടച്ച് തൂങ്ങി മരിക്കുകയായിരുന്നു. 2020 നവംമ്പറിലാണ് മൂക്കുതല നരണിപ്പുഴ സ്വദേശി പണിക്കവീട്ടിൽ ജാഫറുമായി ഫൈറൂസിൻ്റെ വിവാഹം നടന്നത്. ജാഫർ യു.എ.യിലെ കാർ കമ്പനി ജീവനക്കാരനാണ്. വിവാഹശേഷം ഭർത്താവിൻ്റെ മാതാവും സഹോദരിമാരും മാനസികമായി തന്നെ പീഡിപ്പിക്കാറുണ്ടെന്ന് ഫൈറൂസ ബന്ധുക്കളോട് പറഞ്ഞിരുന്നു.
ഇതിനിടെ ഇൻ്റീരിയർ ഡിസൈനർ കൂടിയായ ഫൈറൂസയെ ജാഫർ വിസിറ്റിംങ് വിസയിൽ ഗൾഫിലേക്ക് കൊണ്ടു പോയിരുന്നു. ജോലി സാധ്യത തേടിയാണ് ഗൾഫിലേക്ക് പോയതെങ്കിലും കുറച്ചു മാസങ്ങൾക്കുള്ളിൽ ഇവർ ഗർഭിണിയായി. ഇതേ തുടർന്ന് ഏഴ് മാസത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ ജോലി തേടി പോയിട്ട് ഗർഭിണിയായി തിരിച്ചു വന്നതിലും ഭർതൃവീട്ടുകാർക്ക് ഫൈറൂസയോട് അമർഷമുണ്ടായിരുന്നു. തുടർന്ന് ജോലിക്ക് പോകാൻ നിർബന്ധിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
ഇവർക്ക് നാലു മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. കുട്ടി ജനിച്ചതിനു ശേഷമാണ് വീട്ടുകാരിൽ നിന്നും ഭർത്താവിൽ നിന്നും കൂടുതൽ പീഡനമുണ്ടായത്. മകൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് മരിക്കുന്നതിന് അഞ്ച് ദിവസം മുൻപ് വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നത്. ഭർത്താവ് ജാഫറിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. റസിയയും സഹോദരിയും ഹൈകോടതിയിൽ നിന്നും ജാമ്യം നേടിയിരുന്നു