ഹൗസിങ്ങ് ബോർഡ് നിർമ്മിച്ച വീടിന് തകരാർ, നഷ്ടം നൽകുവാൻ വിധി
തൃശൂർ : ഭവന നിർമ്മാണത്തിൽ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. ചാലക്കുടി ഹൗസിങ്ങ് ബോർഡ് കോളനിയിലെ പള്ളുപേട്ട വീട്ടിൽ അഗസ്റ്റിൻ ഭാര്യ കെ.എ.സ്റ്റെല്ല ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡിൻ്റെ അയ്യന്തോൾ ഡിവിഷൻ ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരത്തെ സെക്രട്ടറി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.
ഹൗസിങ്ങ് ബോർഡുമായുള്ള കരാറനുസരിച്ചാണ് സ്റ്റെല്ല ലോണെടുത്തത്. ലോൺ അടച്ചു വീട്ടിയാൽ വീടും പ്ലോട്ടും ഹർജിക്കാരിക്ക് തീറ് നല്കുമെന്നായിരുന്നു വ്യവസ്ഥ. ലോൺ അടച്ചു വീട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഹൗസിങ്ങ് ബോർഡ് അധികൃതർ സ്റ്റെല്ലക്ക് വസ്തു തീറ് നൽകുകയുമുണ്ടായി. എന്നാൽ വീടിന് ഒട്ടേറെ അപാകതകൾ ഉണ്ടായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ കാണിച്ച് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി.
ഹൗസിങ്ങ് ബോർഡിൻ്റെ വീട് നിർമ്മാണത്തിൽ വീഴ്ച വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ ശ്രീജ എസ്. എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിക്ക് നഷ്ടപരിഹാരമായി 50000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി വാദം നടത്തി