എ കെ ജി സെന്ററിൽ നടന്നത് നാനോ ഭീകരാക്രമണം : പി സി വിഷ്ണുനാഥ് .
തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ദുരൂഹമായ മെല്ലെപോക്കാണ് പൊലീസ് കാണിക്കുന്നതെന്ന് പി.സി.വിഷ്ണുനാഥ്. എകെജി സെന്റർ ആക്രമണത്തെ തുടർന്ന് കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.
എകെജി സെന്റർ ആക്രമിക്കപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരിൽ സിപിഎം നടത്തുന്ന അക്രമങ്ങൾ പൊലീസ് കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. എകെജി സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പേരിൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. എകെജി സെന്ററിനു പൊലീസിന്റെ കാവൽ ഉള്ളപ്പോൾ എങ്ങനെ ഈ സംഭവം ഉണ്ടായെന്നു വിഷ്ണുനാഥ് ചോദിച്ചു. അക്രമിയെ പിന്തുടരാൻ പൊലീസ് തയാറാകാത്തത് ആഭ്യന്തരമന്ത്രി വിശദീകരിക്കണം. എകെജി സെന്ററിലെ മതിലിനു താഴെയുള്ള കരിയിലയും കടലാസും കത്താത്ത മതിലിലെ മൂന്നു കല്ലുകളെ ലക്ഷ്യം വച്ചുള്ള നാനോ ഭീകരാക്രമണമാണ് നടന്നതെന്ന് വിഷ്ണുനാഥ് പരിഹസിച്ചു.
എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസ്സാണെന്ന് അഞ്ചു മിനിട്ടിനകം കണ്ടുപിടിച്ച ഇ.പി.ജയരാജനെ ലോകത്തെ പ്രമുഖ പൊലീസ് ഏജൻസികൾ സേവനത്തിനായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നു റോജി എം.ജോൺ. എകെജി സെന്റർ ആക്രമിച്ചത് ബിജെപിയാണെന്നോ എസ്ഡിപിഐ ആണെന്നോ ഒരു സിപിഎമ്മുകാരനും തോന്നുന്നില്ല. ഈ പാർട്ടികൾ അക്രമം നടത്തില്ലെന്ന് സിപിഎമ്മിന് നല്ല ഉറപ്പാണ്. സിപിഎമ്മിന്റെ ശത്രു ഇപ്പോൾ കോൺഗ്രസ് മാത്രമാണെന്നു റോജി എം.ജോൺ പറഞ്ഞു.
എകെജി സെന്ററിനു കാവൽനിന്ന പൊലീസ് നിരുത്തരവാദപരമായി പെരുമാറിയിട്ട് സർക്കാർ നടപടിയെടുത്തില്ലെന്നു കെപിഎ മജീദ്. സിപിഎം പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യതക്കുറവാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ വിവാദങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് എകെജി സെന്ററിനു നേരെ ആക്രമണം നടത്തിയതെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റംപറയാനാകില്ല. പൊലീസ് നിഷ്ക്രിയമാണ്. പൊലീസുകാർ നോക്കി നിൽക്കുമ്പോഴാണ് മറ്റു പാർട്ടികളുടെ ഓഫിസിനു നേരെ സിപിഎം ആക്രമണം നടത്തുന്നത്. എല്ലാ പാർട്ടികൾക്കും പൊലീസ് സംരക്ഷണം ഉണ്ടാകണമെന്നും കെപിഎ മജീദ് പറഞ്ഞു.
എകെജി സെന്റർ ആക്രമണം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് കെ.കെ.രമ. തനിക്കുനേരെ ഉയരുന്ന ചോദ്യങ്ങൾക്കു മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു. എസ്എഫ്ഐക്കാർ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ്. എകെജി സെന്റർ ആക്രമിച്ച പ്രതികളെ ഒരിക്കലും പിടിക്കാൻ പോകുന്നില്ല. കള്ളൻ കപ്പലിൽതന്നെയാണ്, അതിന്റെ കപ്പിത്താൻ ആരെന്നു മാത്രമേ അറിയാനുള്ളൂ. എകെജി സെന്ററിനു നേരെയുള്ള അക്രമം സർക്കാരിനെതിരെയുള്ള ആരോപണങ്ങളെ വഴിതിരിച്ചു വിടാനാണ്. ഒഞ്ചിയത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു നേരെ ആക്രമം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്നാണ് എകെജി സെന്റർ ആക്രമണം തെളിയിക്കുന്നതെന്ന് അനൂപ് ജേക്കബ്. പൊലീസ് സംവിധാനം പൂർണമായി ഇല്ലാതായി. പൊലീസ് സിപിഎമ്മിന്റെ രാഷ്ട്രീയ ഉപകരണമായി മാറി. കോൺഗ്രസ് ഓഫിസുകൾക്കു നേരെ സിപിഎം നടത്തുന്ന അക്രമം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് അദ്ദേഹം പറഞ്ഞു