അമലയില്‍ മൈക്രോവേവ് അബ്ലേഷന്‍ വഴി ട്യൂമര്‍ ചികിത്സിച്ച് ഭേദമാക്കി
തൃശൂർ : കേരളത്തില്‍ തന്നെ ആദ്യമായി മൈക്രോവേവ്
അബ്ലേഷന്‍ വഴി ട്യൂമര്‍ ചികിത്സിച്ച് ഭേദമാക്കി. അമല മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗമാണ് കോണ്‍ട്രോബ്ലാസ്റ്റോമ എന്ന അപൂര്‍വ്വ ഇനം ട്യൂമറിന് മൈക്രോവേവ് അബ്ലേഷന്‍ ചികിത്സ നടത്തിയത്. മലപ്പുറം സ്വദേശിയായ 15കാരനാണ് കളിക്കുന്നതിനിടയില്‍ ഉണ്ടായ ശക്തമായ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയത്.
എം.ആര്‍.ഐ സ്കാനിംഗിലൂടെ രോഗനിര്‍ണ്ണയം നടത്തി.
പ്രായപൂര്‍ത്തിയെത്താത്ത എല്ലുകളില്‍ സന്ധിക്കടുത്ത് തരുണാസ്ഥിയാല്‍ നിര്‍മ്മിതമായൊരു ട്യൂമറാണ് കോണ്‍ട്രോബ്ലാസ്റ്റോമ. ഇതിന്‍റെ സാധാരണ ചികിത്സ ട്യൂമറുള്ള ഭാഗത്ത് വലിയൊരു മുറിവുണ്ടാക്കി കേടുള്ള എല്ല് സര്‍ജറിയിലുടെ നീക്കം ചെയ്യുക എന്നതാണ്. എന്നാല്‍ ഓപ്പണ്‍ സര്‍ജറി നടത്തിയാല്‍ കാല്‍മുട്ടിന് പുറകിലൂടെ പോകുന്ന പ്രധാന രക്തക്കുഴലിന് ക്ഷതം പറ്റാന്‍ സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ കാല്‍മുട്ടിന് താഴെ മുറിച്ച് മാറ്റേണ്ട അവസ്ഥ വന്നേക്കാം.
എന്നാല്‍ മൈക്രോവേവ് അബ്ലേഷനില്‍ ഒരു സൂചി കടത്താനുള്ള മുറിവേ ആവശ്യമുള്ളൂ. ഈ മുറിവിലൂടെ മൈക്രോവേവ് ആന്‍റിന അസ്ഥിക്കുള്ളില്‍ കടത്തി ട്യൂമര്‍ കരിയിച്ചു കളയുന്നു. അബ്ലേഷന്‍ കഴിഞ്ഞ് പിറ്റേ ദിവസം തന്നെ വേദന കുറഞ്ഞു തുടങ്ങി. 3 ആഴ്ച കഴിഞ്ഞതോടെ വേദന പൂര്‍ണ്ണമായി മാറിയെന്നു മാത്രമല്ല ഈ അസുഖം കാരണം കാല്‍മുട്ട് മടക്കുന്നതിനുള്ള ബുദ്ധിമുട്ടും മാറി.ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരായ ഡോ.ഡൊമനിക് കെ പുത്തൂര്‍,
ഡോ.ഡിജോ ഡേവിസ്, റേഡിയോളജിസ്റ്റ് ഡോ.ജിജോ ജോണ്‍, അനസ്തറ്റിസ്റ്റ് ഡോ.ജിജീഷ് എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്തു.