മുല്ലശ്ശരി ശ്രുതിയുടെ മരണം, ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ
തൃശൂർ : മുല്ലശ്ശരി ശ്രുതിയുടെ മരണത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനി കരുവേലിവീട്ടിൽ ദ്രൗപതി, മകൻ അരുൺ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് മഞ്ചേരി മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റെയും ശ്രീദേവിയുടെയും ഏക മകളായിരുന്നു ശ്രുതി.കുളിമുറിയിൽ കുഴഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്റെയും കുടുംബത്തിന്റെയും മൊഴി. സ്ത്രീധനത്തിന്റെ പേരിൽ ശ്രുതിയെ അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമുള്ള ആരോപണത്തിലാണ് കുടുംബം.ഇതിനിടയിലാണ് ഭർത്താവിനെയും ഭർതൃമാതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര കരുവേലി സുകുമാരന്റെ മകൻ അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമായിരുന്നു ശ്രുതിയുടെ മരണം. തുടക്കം മുതൽത്തന്നെ അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് അന്തിക്കാട് പൊലീസ് സ്വീകരിച്ചതെന്ന് ശ്രുതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായിരുന്ന ശ്രുതിയും പെരിങ്ങോട്ടുകര സ്വദേശിയായ അരുണും വിവാഹിതരായത്. 2020 ഡിസംബര്‍ 22ന് ആയിരുന്നു വിവാഹം. എന്നാല്‍ വെറും 15 ദിവസമാണ് ദാമ്പത്യം നീണ്ടത്. തുടക്കത്തില്‍ മരണത്തില്‍ സംശയം ഉയര്‍ന്നിരുന്നില്ല. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കൊലപാതകമാണെന്ന സംശയം സജീവമായി. സ്വാഭാവിക മരണമല്ലെന്നായിരുന്നു കണ്ടെത്തല്‍. കഴുത്തിന് ചുറ്റുമുള്ള നിര്‍ബന്ധിത ബലം മൂലമാണ് മരണം സംഭവിച്ചതെന്നും ശരീരത്തില്‍ പലയിടത്തും ചതവും ക്ഷതവും ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ശ്രുതിയെ ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി ശ്രുതിയുടെ അമ്മ പറഞ്ഞു. പിന്നാലെ അന്തിക്കാട് പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തില്‍ അലംഭാവമുണ്ടായെന്ന ആരോപണവും ഉയര്‍ന്നു. ശ്രുതി മരിച്ചത് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്താണെന്നായിരുന്നു അന്തിക്കാട് പൊലീസിന്റെ കണ്ടെത്തല്‍.