എന്തിനാണ് എല്ലാ പള്ളികൾക്ക് അടിയിലും ശിവലിംഗം തിരയുന്നത് : മോഹൻ ഭാഗവത്
നാഗ്പൂര്‍: ഗ്യാൻ വാപി മസ്ജിദ് വിഷയത്തില്‍ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് ആര്എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചരിത്രം ആര്ക്കും മാറ്റാനാകില്ല. എന്തിനാണ് എല്ലാ പള്ളികള്ക്ക് അടിയിലും ശിവലിംഗം തിരയുന്നതെന്നും മോഹന്‍ ഭാഗവത് ചോദിച്ചു.
ഇതാദ്യമായാണ് ഗ്യാൻ വാപി വിഷയത്തില്‍ മോഹന്ഭാഗവത് പ്രതികരിക്കുന്നത്. ഈ വിഷയത്തില്‍ തീവ്രനിലപാടിനില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഗ്യാൻ വാപി പ്രശ്‌നം ഉണ്ടാക്കിയത് ഇന്നത്തെ ഹിന്ദുക്കളോ ഇന്നത്തെ മുസ്ലീങ്ങളോ അല്ല. കോടതി വിധി എല്ലാവരും അംഗീകരിക്കണം. അതിനെ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാം ആക്രമണകാരികൾ വഴിയാണ് രാജ്യത്ത് എത്തിയത്. അക്രമണത്തിൽ ദേവസ്ഥാനങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ആഗ്രഹിച്ചവരുടെ ആത്മവീര്യം ഇല്ലാതാക്കാൻ വേണ്ടിയാണെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു
ഗ്യാൻ വാപി പള്ളി പ്രശ്‌നം സമവായ പ്രശ്‌നത്തിലൂടെ പരിഹരിക്കാന്‍ കഴിയണം. ഓരോ ദിവസവും പുതിയ പ്രശ്‌നങ്ങളുമായി വരരുത്.എല്ലാ പള്ളികള്ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്ന പ്രവണത ശരിയല്ലെന്നും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കരുതെന്നും ആർ എസ് എസ് മേധാവി അഭിപ്രായപ്പെട്ടു