ഹെറോയിൻ വേട്ട , ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണെന്ന സൂചന .
കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് ഇന്നലെ 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കളളക്കടത്തിന് പിന്നിൽ ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു.
ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തിൽ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് വിവരം. പിടിയിലായ ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു. നിരവധി രാജ്യാന്തര കോളുകൾ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലിൽ ഹെറെയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. കളളക്കടത്തിനെപ്പറ്റി എൻ ഐ എയും അന്വേഷണം തുടങ്ങി. പ്രതികളെ എൻ ഐ എ ചോദ്യം ചെയ്തു. കന്യാകുമാരിയടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി.
ഈ മേഖലയിൽ നാവിക സേനയും തീരസേനയും നടത്തിയ റെയ്ഡുകളില്‍ കഴിഞ്ഞ ഒന്നരക്കൊല്ലത്തിനകം 1,140 കിലോ ഹെറോയിന്‍ ഏകെ 47 തോക്കുകള്‍, വെടിയുണ്ടകളും 6000 കിലോയിലേറെ കടല്‍വെള്ളരിയുമാണ് പിടിച്ചെടുത്തത്. മയക്ക് മരുന്ന്, കടല്‍ വെള്ളരി, ആയുധക്കടത്ത് സംഘങ്ങളുടെ കൈമാറ്റ കേന്ദ്രമാണു ലക്ഷദ്വീപെന്നാണു സുരക്ഷ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
മുപ്പത്താറു ദ്വീപുകളുള്ള ലക്ഷദ്വീപ് സമൂഹത്തില്‍ പത്ത് ദ്വീപുകളിലാണ് ജനവാസമുള്ളത്. ജനവാസമില്ലാത്ത ഏഴു വലിയ ദ്വീപുകളുണ്ട്. ഇവിടങ്ങളാണ് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളുടെ കൈമാറ്റ കേന്ദ്രങ്ങള്‍. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് സാമീപ്യമുള്ളവയായതിനാല്‍ കള്ളക്കടത്ത് സംഘങ്ങള്‍ക്കിത് ഏറെ സൗകര്യപ്രദവുമാണ്