ഗുരുവായൂരിൽ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
ഗുരുവായൂര്‍ : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. മുതുവട്ടൂരില്‍ റോഡരികില്‍ വില്‍പ്പന നടത്തിയിരുന്ന മത്സ്യമാണ് പിടികൂടിയത്. ഇവിടെ നിന്ന് മത്സ്യം വാങ്ങിയയാളുടെ പരാതി പ്രകാരമാണ് പരിശോധന നടത്തിയത്. പുഴുവരിക്കുന്ന മത്സ്യവുമായി പരാതിക്കാരന്‍ നഗരസഭയില്‍ നേരിട്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി.വിനോദിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി.അജിത്, ജെ.എച്ച്.ഐമാരായ കെ.സുജിത്, കെ.എസ്. പ്രദീപ് എന്നിവരാണ് മത്സ്യം പിടികൂടിയത്. കുന്നംകുളം മാര്‍ക്കറ്റില്‍ നിന്ന് ഇന്ന് വാങ്ങിയ മത്സ്യമാണിതെന്ന് വില്‍പ്പനക്കാരന്‍ പറഞ്ഞു. ഇയാളില്‍ നിന്ന് പിഴ ഈടാക്കി. പരിശോധന തുടരുമെന്നും പഴകിയ മത്സ്യവും ഭക്ഷണസാധനങ്ങളും വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.