അഞ്ചു വയസുകാരിയെ പീഡിപ്പിച്ച 47 കാരന് 40 വർഷ തടവും ഒരു ലക്ഷം രൂപ പിഴയും
ചാവക്കാട് : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌ക്കന് 40 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ചുമത്തി കോടതി ശിക്ഷ വിധിച്ചു. ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47) നെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2017- ല്‍ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരോടൊപ്പം കളിക്കാന്‍ വീട്ടില്‍ വന്ന അയല്‍ക്കാരിയായ 5 വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കുകയും, പിന്നീട് പലപ്പോഴായി പീഡനം തുടരുകയും ചെയ്ത കേസിലാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജ് എം പി ഷിബു പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്. ഇരയായ പെണ്‍കുട്ടി ശാരീരിക അവശതകളെ തുടര്‍ന്ന് മാതാവിനോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. ചാവക്കാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം നടത്തി. പ്രോസിക്യൂഷനുവേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. ചാവക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോള്‍ പാവറട്ടി പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ എം കെ രമേഷ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ഇപ്പോഴത്തെ ഗുരുവായുര്‍ അസി. പോലീസ് കമ്മീഷണറായ കെ ജി സുരേഷ് ആണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.