എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ തമ്മിലടി
ഗുരുവായൂര്‍: എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ തമ്മിലടി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പ്യൂണ്‍മാരാണ് ബാങ്ക് ഭരിക്കുന്നതെന്ന ആക്ഷേപവുമായി സി.പി.ഐയും ജനതാദളും രംഗത്തെത്തി. ഭരണ സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്കും നടത്തി. പ്രസിഡന്റിനെയും സെക്രട്ടറിയെയും പ്യൂണ്‍മാര്‍ നോക്കുകുത്തികളാക്കിയതായി ആരോപിച്ചു. ഭരണ സമിതിയുടെ ഭൂരിപക്ഷ തീരുമാനപ്രകാരം ഒരു പ്യൂണിനെ ഹെഡ് ഓഫിസില്‍ നിന്ന് ബ്രാഞ്ചിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടും സെക്രട്ടറി നടപ്പാക്കിയില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ സഹകരണ അസി. രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്നും അറിയിച്ചു. ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഭരണ സമിതിയില്‍ ഭിന്നത ഉയര്‍ന്നിട്ടുള്ളത്. ബാങ്കിന്റെ ഭരണവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കൽ സമ്മേളനത്തിലും വിമർശനം ഉയർന്നിരുന്നു.