Madhavam header
Above Pot

സംക്രമ സന്ധ്യയില്‍ ഗുരുവായൂരിൽ ഭക്തി ഗാനാര്‍ച്ചനയും, ഭരതനാട്യവും.

ഗുരുവായൂര്‍: സംക്രമ സന്ധ്യയിലെ വിശേഷാല്‍ പരിപാടികളുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മേല്‍പ്പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ഭക്തരുടെ വഴിപാട് സമര്‍പ്പണമായി ഭക്തി ഗാനസന്ധ്യയും, ഭരതനാട്യവും അരങ്ങേറും. വൈകീട്ട് 6-നാണ് ഭക്തിഗാനാര്‍ച്ചന. തിരുവല്ല നാദം ഓര്‍ക്കസ്ട്രയിലെ കലാകാരന്‍മാരാണ് ഗാനാര്‍ച്ചന നടത്തുക. ഭിന്നശേഷിക്കാരായുള്ള കലാകാരന്‍മാരാണ് ട്രൂപ്പില്‍ ഏറെയും. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ നിന്ന് സംഗീത ബിരുദം നേടിയ ഗായകനും, സംഗീത സംവിധായകനുമായ സന്തോഷ് പുറമറ്റത്തിന്റെ നേതൃത്വത്തിലാണ് ഭക്തിഗാനസന്ധ്യ.
തുടര്‍ന്ന് രാത്രി 7.30-ന് പ്രശസ്ത നര്‍ത്തകി ബംഗളൂരു സ്വദേശി ഗായത്രി ത്രിഭുവന്‍ ഭരതനാട്ടം അവതരിപ്പിക്കും. പത്മിനി രാമചന്ദ്രന്റെ കീഴില്‍ ഭരതനാട്യം പരിശീലിച്ച ഗായത്രി ത്രിഭുവന്‍, തഞ്ചാവൂര്‍ ശൈലിയില്‍ കീര്‍ത്തി നേടിയ കലാകാരിയാണ്. ഗായത്രിക്കൊപ്പം മുതിര്‍ന്ന കലാകാരി കൂടിയായ അമ്മ ലതാ ത്രിഭുവനും ഭരതനാട്യം അവതരിപ്പിക്കും.

Vadasheri Footer