മൊബൈൽ ഫോണിന് ബാറ്ററി തകരാർ,പുതിയ ബാറ്ററിയും, ഉടമക്ക് 6000 രൂപയും നൽകണമെന്ന് ഉപഭോക്തൃകോടതി
തൃശൂർ : മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ.ടി.വി. ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും കൊടുങ്ങല്ലൂർ വടക്കെ നടയിലുള്ള മൊബൈൽ കെയറിൻ്റെ ഉടമക്കെതിരെയും ഇപ്രകാരം വിധിയായത്.പോൾസൺ മൊബൈൽ പാർക്കിൽ നിന്ന് 4900 രൂപ നൽകിയാണ് ലെനോവയുടെ മൊബൈൽ ഫോൺ വാങ്ങുകയുണ്ടായതു്. വാങ്ങി വൈകാതെ ഫോൺ പ്രവർത്തനരഹിതമായി. പരാതിയുമായി വാറണ്ടി പ്രകാരം പ്രവർത്തിക്കുവാൻ ബാധ്യതപ്പെട്ട മൊബൈൽ കെയറിനെ ബന്ധപ്പെട്ടപ്പോൾ ബാറ്ററി ബൾജ് ചെയ്തതാണെന്നും യാതൊന്നും ചെയ്യുവാനില്ലെന്നും പറഞ്ഞ് മടക്കി വിടുകയാണുണ്ടായത്. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിൽപ്പനാനന്തരസേവനം എതൃകക്ഷികൾ നല്കിയില്ലെന്നും അതു് സേവനത്തിലെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി മൊബൈൽ ഫോണിൻ്റെ ബാറ്ററി മാറ്റി നൽകുവാനും നഷ്ടപരിഹാരമായി 2500 രൂപ വീതം 5000 രൂപയും ചിലവിലേക്ക് 500 രൂപ വീതം 1000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി