ഒന്നര കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ വാടാനപ്പള്ളിയിൽ പിടിയിൽ
വാടാനപ്പള്ളി : അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില യുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ വാടാനപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. മാള സ്വദേശികളായ ഗുരുതിപ്പാല കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ്, പഴൂക്കര കുന്നുമ്മേൽ വീട്ടിൽ സുജിത് ലാൽ എന്നിവരാണ് പിടിയിലായത്. ദേശീയ പാതയിൽ വാടാനപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്.
വിഷു-ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്പനക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്. കൊടുങ്ങല്ലൂർ ഭരണിയുത്സവമായതിനാൽ കൂടുതൽ പോലീസുകാരും ഡ്യൂട്ടിയിൽ ആണെന്നതിനാൽ ചെക്കിങ് ഇല്ലാതെ എളുപ്പത്തിൽ എത്തിച്ചേരുന്നതിനു വേണ്ടിയാണ് പ്രതികൾ തീരദേശ ഹൈവേ യിലൂടെ എത്തിയത്. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും, പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയതായി ഡി.വൈ.എസ്.പി സലീഷ് ശങ്കർ പറഞ്ഞു.