എട്ട് മാസം മുൻപ് 32 ലക്ഷത്തിന്റെ സ്വത്ത് , ഇപ്പോൾ അഞ്ചു കോടിയുടെ സ്വത്തെന്ന് സജി ചെറിയാൻ , എവിടെനിന്നു കിട്ടി : വി ഡി സതീശൻ
തിരുവനന്തപുരം: എട്ടുമാസം മുമ്പ് 32 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലം നൽകിയ മന്ത്രി സജി ചെറിയാന് ഇപ്പോൾ എവിടുന്നാണ് അഞ്ചുകോടിയുടെ സ്വത്ത് ലഭിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം തന്നെയാണ് സ്വത്ത് സംബന്ധിച്ച് രണ്ട് വെളിപ്പെടുത്തലും നടത്തിയത്. ഞങ്ങളാരും പറഞ്ഞതല്ല. ഇത്ര ചുരുങ്ങിയ കാലയളവിൽ എവിടെ നിന്നാണ് ഈ സ്വത്ത് സമ്പാദിച്ചതെന്ന് അദ്ദേഹം പറയണം’ -വി.ഡി സതീശൻ വ്യക്തമാക്കി.
ഞാൻ ഒരു മന്ത്രിയെക്കുറിച്ചും ആരോപണം ഉന്നയിക്കുന്നില്ല. അദ്ദേഹം തന്നെയാണ് പറഞ്ഞത്. എങ്ങിനെയാണ് അദ്ദേഹം രണ്ട് തരത്തിൽ സ്വത്ത് വിവരം വെളിപ്പെടുത്തിയത്. അന്വേഷണം നടത്തേണ്ട കാര്യമാണ്’ -പ്രതിപക്ഷ നേതാവ് പറഞ്ഞു.മന്ത്രി സജി ചെറിയാൻ അഞ്ച് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ലോകായുക്തയ്‌ക്കും വിജിലൻസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി തന്നെ പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്ത്രിയുടേത് അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനെ സമീപിച്ചത്.മന്ത്രി സജി ചെറിയാന്റെ വസതി സംരക്ഷിക്കാൻ കെ. റെയിലിന്റെ മാപ്പിൽ മാറ്റം വരുത്തിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയവേയാണ് മന്ത്രി തെന്റ സ്വത്തുവിവരം വെളിപ്പെടുത്തിയത്. ‘തിരുവഞ്ചൂർ ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കരുത്. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.’ എന്നായിരുന്നു സജി ചെറിയാന്റെ മറുപടി