കെ റെയിൽ, കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ് നേതാക്കാള്‍ ജയിലിൽ പോകും: വി.ഡി. സതീശൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ ജയിലില്‍ അടക്കുമെന്ന സര്‍ക്കാര്‍ ഭീഷണി വിലപ്പോകില്ലെന്നും കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ് നേതാക്കാള്‍ ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളം ഇതുവരെ കാണാത്ത ജനകീയസമരത്തിന്റെ തിരശ്ശീലയാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ സമരചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം.വാശിയും ധാര്‍ഷ്ട്യവുമായി മുഖ്യമന്ത്രി പോയാല്‍ നന്ദിഗ്രാമില്‍ സംഭവിച്ചതുതന്നെ കേരളത്തിലെ സി.പി.എമ്മിനുമുണ്ടാകും .
കല്ലുകള്‍ പിഴുതാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത് ജയിലില്‍ അടക്കുമെന്നാണ് ഭീഷണി. സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടക്കുമെന്ന ഭീഷണി വിലപ്പോകില്ല. യു.ഡി.എഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്താതെയാണ് കല്ലിടലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വിദേശകടം വാങ്ങി കേരളത്തെ പണയപ്പെടുത്താനും പാരിസ്ഥിതികമായി തകര്‍ക്കാനുമുള്ള ശ്രമമാണ്.
സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് സമരം. ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ അതിന് മുന്നില്‍ വഴങ്ങില്ല. കല്ലുകള്‍ പിഴുതെറിയണമെന്ന് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ജനങ്ങള്‍ കല്ല് പിഴുതെറിഞ്ഞ് നടത്തുന്ന സമരത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു