ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണം : ഹൈബി ഈഡൻ എംപി
ദില്ലി: ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ പറഞ്ഞു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ ഉന്നയിച്ചു.
ചൊവ്വാഴ്ച കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതി ക്രൂരമായി മർദ്ദിച്ച് പശ്ചാത്തലത്തിലാണ് എംപി ലോക്സഭയിൽ വിഷയം ഉന്നയിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടം ചേർന്ന് വലിച്ചിഴച്ചു ക്രൂരമായി മർദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളജിൽ ആക്രമണത്തിനിരയായ കെഎസ്‍യു പ്രവർത്തക സഫ്ന. കോളേജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മർദനത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിൽ 2 കേസുകളും, എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പേരിൽ ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.
ലോ കോളേജിൽ ഇന്നലെ കൂട്ടം ചേർന്നുണ്ടായ ആക്രമണം പെട്ടെന്നുള്ള പ്രകോപനത്തിൽ നിന്നല്ലെന്നു വ്യക്തമാക്കുകയാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന. എസ്എഫ്ഐയിൽ നിന്ന് മുൻപും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്നും നടപടികളുണ്ടായിട്ടില്ല. കൂട്ടം ചേർന്ന് ക്രൂരമായാണ് ആക്രമിച്ചതെന്നും സഫ്ന പറയുന്നു.
കോളേജിലെ സംഘർഷങ്ങൾക്ക് ശേഷം കെ എസ് യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാർത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാർത്ഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറയുന്നു.
വിദ്യാർത്ഥികളെ വീട്ടിൽക്കയറി ആക്രമിച്ചതിന് 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ് കേസടുത്തത്. സഫ്നയെ ആക്രമിച്ചതിന് മ്യൂസിയം പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്.