കോഴിക്കോട്: ഭക്ഷണമില്ലാതെ, സൂര്യോപാസനയിലൂടെ വര്‍ഷങ്ങള്‍ ജീവിക്കാമെന്ന് തെളിയിച്ച ഹീര രത്തന്‍ മനേക് (85) അന്തരിച്ചു. കോഴിക്കോട് ചക്കോരത്ത് കുളത്തെ ഫ്ലാറ്റിലായിരുന്നു അന്ത്യം. 1995 മുതൽ ഹീര രത്തൻ മനേക് സൗരോർജ്ജവും വെള്ളവും മാത്രമുപയോഗിച്ചുള്ള ജീവിതം തുടങ്ങിയത് . ബഹിരാകാശ ഗവേഷണത്തിന് മനുഷ്യർ പോകുമ്പോൾ ഹീര രത്തന്‍റെ ജീവിത സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാസ 2002 ജൂലായ് മുതൽ നവംബർ വരെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ച് പഠനം നടത്തിയിരുന്നു.
സൂര്യനിൽ നിന്നുള്ള ഊർജ്ജം സ്വീകരിച്ചാൽ ശരീരം ഒരു ചിപ്പായി പ്രവർത്തിക്കുമെന്ന് സ്വന്തം ശരീരം കൊണ്ട് തെളിയിച്ച വ്യക്തിയാണ് വിട പറഞ്ഞ ഹീര രത്തൻ മനേക്. സൂര്യ ഉപാസനയിലൂടെ ലഭിക്കുന്ന ഊർജത്തിലൂടെ ഭക്ഷണമില്ലാതെ വെള്ളം മാത്രം കുടിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതെന്ന് മനേക് അവകാശപ്പെടുകയും കാണിച്ച് കൊടുക്കുകയും ചെയ്തു. മനേക് ജനിച്ചതും വളർന്നതും കോഴിക്കോടാണെങ്കിലും ഇദ്ദേഹത്തിന്‍റെ വംശപരമ്പര ഗുജറാത്തിലെ കച്ചിലാണ്.
കപ്പൽ ബിസിനസുകാരനായ ഇദ്ദേഹം 1962-ൽ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദർശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് അറിയുന്നതും താത്പര്യം ജനിക്കുന്നതും. പിന്നീട് കുറച്ച് കുറച്ചായി സൂര്യനെ ധ്യാനിക്കാൻ തുടങ്ങി.1992-മുതൽ പൂർണമായും സൂര്യോപാസകനായി മനേക് മാറി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂർമുമ്പും നഗ്നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ സൂര്യോപാസന. ആരംഭത്തിൽ കുറച്ചു സെക്കൻഡുകൾമാത്രമേ നോക്കാൻ പാടുള്ളു. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വർധിപ്പിക്കാമെന്നും ഇദ്ദേഹം നിർദേശിച്ചു. ഒമ്പതുമാസമാവുമ്പോഴേക്കും ശരീരം ഊർജ സംഭരണിയാകുമെന്ന് ഇദ്ദേഹം അവകാശപ്പെട്ടു. വിശപ്പില്ലാതാവുകയും ഇതോടെ ഭക്ഷണം ഉപേക്ഷിക്കാം.
1995 ജൂൺ മാസത്തിൽ കോഴിക്കോട്ട് 213 ദിവസം ഉപവാസം അനുഷ്ഠിച്ച് മനേക് ശ്രദ്ധേയനായി. ഡോ. സി.കെ. രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഉപവാസം. സൂര്യദർശനവും ദാഹിക്കുമ്പോൾ വെള്ളം കുടിച്ചുമായിരുന്നു ആദ്യ പരീക്ഷണം. അഹമ്മദാബാദിൽ 2000 ജനുവരി ഒന്നുമുതൽ 2001 ഫെബ്രുവരി 15 വരെ 411 ദിവസം തുടർച്ചായി നടത്തിയ ഉപവാസമാണ് മനേകിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. മനേകന്റെ ദീർഘ ഉപവാസം വലിയ വാർത്തയായി. ഐ.എം.എയുടെ അന്നത്തെ ചെയർമാൻ ഷിയായുടെ നേതൃത്വത്തിലുള്ള 21 ഡോക്റ്റർമാരുടെ നിരീക്ഷണത്തിലായിരുന്നു രണ്ടാം പരീക്ഷണം.
പെൻസിൽവാനിയാ, തോമസ് ജെഫേഴ്സൺ സർവകലാശാലകളുടെ ക്ഷണമനുസരിച്ച് മനേക് അമേരിക്കിയിലെത്തി പ്രഭാഷണപരമ്പരകൾ നടത്തി. നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്റർ സന്ദർശിക്കാനും അവസരം ലഭിച്ചു. നാസ മനേകിനെ അംഗീകരിച്ചെങ്കിലും തുറന്ന് പറയാൻ തയ്യാറായില്ല. ബഹിരാകാശയാത്രികർ സൂര്യോപാസന പരിശീലിക്കുന്നത് ഭക്ഷണമില്ലാതെ കൂടുതൽക്കാലം ബഹിരാകാശത്ത് കഴിയാൻ അവരെ സഹായിക്കുമെന്ന് മനേകിന്‍റെ അഭിപ്രായം.
കാഴ്ചപ്പാടുകൾ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചരിപ്പിച്ചു. യുറോപ്പിലും അമേരിക്കയിലും ശിൽപ്പശാലകളിൽ പങ്കെടുത്തു. ഫ്ളോറിഡയിലായിരുന്നു മനേകിന്‍റെ സംരംഭത്തിന്‍റെ അന്നത്തെ ആസ്ഥാനം. ഇതിനായി അമ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. സൂര്യദർശനത്തെക്കുറിച്ച് പുസ്തകവും രചിച്ചു. വിദേശ രാജ്യങ്ങളിൽ കൂടുതൽ അംഗീകാരം ലഭിച്ച സൂര്യ ദർശനത്തിന് ഇന്ത്യയിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നായിരുന്നു വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ചക്കോരത്ത് കുളത്തെ വീട്ടിലിരുന്ന് അദ്ദേഹം പരിഭവിച്ചത്.
നാല് വർഷം മുൻപ് ഭാര്യയ്ക്ക് വീണ് പരിക്ക് പറ്റിയതിന് ശേഷമാണ് രത്തൻ മനേക് സൂര്യോപാസന പൂർണമായി ഉപേക്ഷിച്ചത്. 120 രാജ്യങ്ങളിൽ സോളാർ ഹീലിംഗ് കേന്ദ്രങ്ങളും സോളാർ ഗേസിംഗ് കേന്ദ്രങ്ങളും സ്ഥാപിച്ച രത്തൻ മനേകിന്‍റെ ജീവിതം ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ പകർത്തിയിരുന്നു. ഐ.എസ്.ആർ.ഒയിലും പ്രതിരോധ മന്ത്രാലയത്തിന്റെ ധിമാപുര് ഡിഫന്‍സ് റിസര്‍ച്ച് സെന്ററിലും പരീക്ഷണത്തിന് വിധേയനാക്കിയിട്ടുണ്ട്
കോഴിക്കോട് ചക്കോരത്ത് കുളത്തെ വീട്ടിൽ കാൽതെറ്റിവീണ് തോളെല്ലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ആണ് അന്ത്യം ഭാര്യ: വിമല ബെൻ. മക്കൾ: ഹിതേഷ്, നമ്രത, പരേതനായ ഗിതെൻ. മരുമക്കൾ ഹീന, മയൂർത്ത മൂത്ത. മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാരം നടത്തി